സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചില്ല. ഓപ്പണറായി വൈഭവ് സൂര്യവംശി ടീമില്‍ ഇടം നേടി.
പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ് ഇടം നേടി. റിങ്കു സിങ്, മയാങ്ക് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഹര്‍ഷ് ദുബെ, യാഷ് താക്കൂര്‍, അശോക് ശര്‍മ എന്നിവരും പരമ്പരക്കുള്ള ടീമില്‍ ഇടം നേടി.
ഇപ്പോള്‍ ഈ പരമ്പരയ്ക്കുള്ള ടീം സെലക്ഷനെ ചോദ്യം ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ താരം ഹനുമ വിഹാരി. യാഷ് താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഞെട്ടിച്ചുവെന്നാണ് വിവാരി അഭിപ്രായപ്പെട്ടത്. മയാങ്ക് യാദവ് ഏപ്പോഴും പരിക്ക് പറ്റുന്ന താരമാണെന്നും ഐ.പി.എല്ലില്‍ മയാങ്ക് യാദവ് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ലെന്നും വിഹാരി വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘മയാങ്ക് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് പലപ്പോഴും പരിക്ക് പറ്റാറുണ്ട്. മയാങ്ക് ഐ.പി.എല്ലില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. കളിച്ച മത്സരങ്ങളില്‍ വലിയ പ്രകടനം നടത്തിയിട്ടില്ല. ഇപ്പോള്‍ പരിക്ക് മാറി അദ്ദേഹം ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്.
എന്നാല്‍ മുമ്പുള്ള പോലെ 150 കി.മീ വേഗതയില്‍ അദ്ദേഹം പന്തെറിയുന്നില്ല. യാഷ് താക്കൂറും ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടില്ല. പല മത്സരങ്ങളിലും പ്ലെയിങ് ഇലവനില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുത്തത് ഞെട്ടിച്ച തീരുമാനമായി,’ ഹനുമാ വിഹാരി പറഞ്ഞു.
അതേസമയം ജൂലൈ 23നാണ് സിംബാബ്വേക്കെതിരെയുള്ള ടി-20 പരമ്പരക്ക് തുടക്കമാവുന്നത്. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബിലാണ് ആദ്യ മത്സരം.