10 പേര്‍ കുഴഞ്ഞുവീണത് ഹനാന്‍ ഇഫക്ടെന്ന് ആരാധകന്റെ സ്‌റ്റോറി, സ്വന്തം പേജിലിട്ട ഹനാന്‍ ഷായ്ക്ക് വിമര്‍ശനം
Malayalam Cinema
10 പേര്‍ കുഴഞ്ഞുവീണത് ഹനാന്‍ ഇഫക്ടെന്ന് ആരാധകന്റെ സ്‌റ്റോറി, സ്വന്തം പേജിലിട്ട ഹനാന്‍ ഷായ്ക്ക് വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th November 2025, 8:18 pm

കാസര്‍കോട് കഴിഞ്ഞദിവസം ഹനാന്‍ ഷായുടെ മ്യൂസിക് ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. രംഗം വഷളായതോടെ പരിപാടി നടത്താതെ ഹനാന്‍ ഷാ സ്റ്റേജ് വിടുകയും ചെയ്തു. പൊലീസടക്കം ഇടപെട്ട സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

പരിപാടിയില്‍ വന്നവരെ നിയന്ത്രിക്കാന്‍ സാധിക്കാത്തതോടെ പൊലീസ് ലാത്തിവീശുകയും സ്ഥലം എസ്.പി വേദിയില്‍ കയറി കാണികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എസ്.പി വേദിയില്‍ സംസാരിക്കുന്നതിന്റെ വീഡിയോ കൂട്ടത്തിലൊരാള്‍ പകര്‍ത്തി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

‘ഹനാന്‍ ഇഫക്ട്’ എന്ന ക്യാപ്ഷനോടെയാണ് സ്‌റ്റോറി പങ്കുവെച്ചത്. തന്നെ മെന്‍ഷന്‍ ചെയ്ത സ്റ്റോറി ഹനാന്‍ ഷാ തന്റേ പേജിലൂടെ പങ്കുവെച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റ ഒരു അപകടത്തെ മാസ്സാണെന്ന രീതിയില്‍ വരുത്തിതീര്‍ത്തെന്നാണ് ഹനാനെതിരെയുള്ള വിമര്‍ശനം. നിരവധി പേജുകള്‍ ഹനാനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

പെട്ടെന്ന് ലഭിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് എങ്ങനെ ഉപയോഗിക്കണമെന്നറിയില്ലെന്നാണ് ഹനാനെതിരെയുള്ള പ്രധാന വിമര്‍ശനം. ഇത്രയും തിരക്കുണ്ടാകുമെന്നറിഞ്ഞിട്ടും അവിടെ പരിപാടി നടത്തിയതും അപകടം വരുത്തിവെച്ചതും ഹനാനാണെന്നാണ് പലരും ആരോപിക്കുന്നത്. പരിപാടിയുടെ സംഘാടകര്‍ക്കെതിരെയും വിമര്‍ശനങ്ങളുണ്ട്.

5000 പേരുടെ പരിപാടിക്ക് 25000ലധികം ടിക്കറ്റുകളാണ് വിറ്റതെന്നും വലിയ സുരക്ഷാവീഴ്ച സംഭവിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പൊലീസ് ഇടപെട്ടില്ലായിരുന്നെങ്കില്‍ മറ്റൊരു കരൂര്‍ ദുരന്തമായേനെയെന്നും കമന്റുകളുണ്ട്. ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസിനോട് ചിലര്‍ തര്‍ക്കിച്ച് നിന്നെന്നും ആരോപണങ്ങളുയരുന്നുണ്ട്.

കഴിഞ്ഞദിവസം സൗദിയില്‍ പരിപാടിക്ക് വന്ന് ഹനാന്‍ പാടാതെ പോയതും വലിയ ചര്‍ച്ചയായിരുന്നു. സ്‌റ്റേജില്‍ വെച്ച സ്പീക്കര്‍ ശരിയെല്ലെന്ന് പറഞ്ഞാണ് ഹനാന്‍ പാടാതെ പിന്മാറിയത്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വ്‌ളോഗറായി ശ്രദ്ധ നേടിയ ഹനാന്‍ സിനിമാ പിന്നണിഗാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി ചുരുങ്ങിയകാലം കൊണ്ട് നിരവധി സ്റ്റേജ് ഷോ ഹനാന്‍ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Hanan Shah’s Instagram story criticizing in social media