യുദ്ധാനന്തരം ഹമാസ് ഗസയില്‍ ഭരണം നടത്തില്ല, ആയുധങ്ങള്‍ കൈമാറണം: മഹ്‌മൂദ് അബ്ബാസ്
Trending
യുദ്ധാനന്തരം ഹമാസ് ഗസയില്‍ ഭരണം നടത്തില്ല, ആയുധങ്ങള്‍ കൈമാറണം: മഹ്‌മൂദ് അബ്ബാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2025, 10:53 pm

അമ്മാന്‍: യുദ്ധാനന്തരം ഹമാസ് ഗസയില്‍ ഭരണം നടത്തില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ഹമാസ് അവരുടെ ആയുധങ്ങള്‍ ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറണമെന്നും ഒരു ഏകീകൃത നിയമവ്യവസ്ഥയ്ക്ക് കീഴില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും അബ്ബാസ് പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ദാനില്‍ വെച്ച്‌ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെക്കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രഈലിന്റെ ഭീണികള്‍ക്കിടെ ആയുധങ്ങള്‍ കൈവശം വെക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഹമാസ് പറയുന്നത്. എന്നാല്‍ 2007 മുതല്‍ ഗസയില്‍ അധികാരത്തിലുള്ള ഹമാസ് എന്നാല്‍ യുദ്ധാനന്തരം ഗസയിലെ ഭരണത്തില്‍ പങ്കാളികളാവാന്‍ ഇല്ലെന്ന് ഇതിനകം അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗസയിലെ വംശഹത്യയില്‍ ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു മഹ്‌മൂദ് അബ്ബാസും ടോണി ബ്ലയറും തമ്മിലുള്ള കൂടിക്കാഴ്ച്ച.

കൂടിക്കാഴ്ച്ചയില്‍വെച്ച് ഗസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി മുനമ്പിലെ ഇസ്രഈല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കലാണൈന്ന് അബ്ബാസ് പറഞ്ഞു. ഇപ്രകാരം സൈന്യം പിന്മാറിയാല്‍ ഗസയുടെ പൂര്‍ണ ഉത്തരവാദിത്തം അറബ് രാജ്യങ്ങളുടേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും പിന്തുണയോടെ ഫലസ്തീന്‍ അതോറിറ്റി ഏറ്റെടുക്കുമെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

ഇതിന് പുറമെ ദ്വിരാഷ്ട്ര പരിഹാരം കാണുന്നതിനായി ന്യൂയോര്‍ക്കില്‍വെച്ച് അന്താരാഷ്ട്ര സമ്മേളനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍ച്ചില്‍ അറബ് രാഷ്ട്രങ്ങള്‍ ഗസയുടെ പുനര്‍നിര്‍മാണത്തിനായി അഞ്ച് വര്‍ഷം ദീര്‍ഘമുള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഏകദേശം 53 ബില്യണ് ഡോളറാണ് ഈ പദ്ധതിക്ക് ചെലവ് വരിക. ഗസയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാനുള്ള ട്രംപിന്റെ പദ്ധതിയെ എതിര്‍ത്താണ് ഇത്തരമൊരു പദ്ധതി അറബ് രാജ്യങ്ങള്‍ ആവിഷ്‌ക്കരിച്ചത്.

89കാരനായ അബ്ബാസിന് ഇസ്രഈലിനോടുള്ള ചായ്‌വിനെത്തുടര്‍ന്ന് കുറച്ച് കാലങ്ങളായി ഫലസ്തീനികള്‍ക്കിടയില്‍ നിന്ന് വലിയ രീതിയിലുള്ള വിമര്‍ശനം നേരിടുന്നുണ്ട്. ഫലസ്തീന്‍  അതോറിറ്റിയുടെ നേതൃത്വത്തില്‍ വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ വിരുദ്ധ പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തുന്നതായും പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Hamas will not rule Gaza after the war, must hand over weapons: Mahmoud Abbas