എല്ലാ ബന്ദികളെയും വിട്ടയക്കാം ; ഗസ സമാധാന കരാർ ഭാഗികമായി അംഗീകരിച്ച് ഹമാസ്
World
എല്ലാ ബന്ദികളെയും വിട്ടയക്കാം ; ഗസ സമാധാന കരാർ ഭാഗികമായി അംഗീകരിച്ച് ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th October 2025, 7:16 am

ഗസ: ഗസ സമാധാന കരാർ ഭാഗികമായി അംഗീകരിച്ചുവെന്നും ഇസ്രഈൽ ബന്ധികളെ വിട്ടയക്കാമെന്നും  അറിയിച്ച് ഹമാസ്. പദ്ധതിയിലെ നിരവധി കാര്യങ്ങളിൽ കൂടുതൽ ചർച്ച നടത്തുമെന്നും ഹമാസ് കൂട്ടിച്ചേർത്തു.

വെടിനിർത്തൽ ഉടനടി നടപ്പിലാക്കുക, ശേഷിക്കുന്ന ഇസ്രഈലി തടവുകാരെ മോചിപ്പിക്കുക, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ഉള്ള ഒരു ഗവൺമെന്റ് നിലവിൽ വരിക എന്നിവയടക്കം യു.എസ് ഗസ പദ്ധതിയിൽ ഉൾപ്പെടുന്നു.

യു.എസ് പദ്ധതിയിലെ എക്സ്ചേഞ്ച് ഫോർമുല അനുസരിച്ച് എല്ലാ ബന്ധികളെയും വിട്ടയക്കാമെന്നു സമ്മതിച്ചതായി ഹമാസ് അറിയിച്ചു.

ഹമാസ് ശ്വാശത സമാധാനത്തിന് തയ്യാറാണെന്നും ഗസയിലെ ബോംബാക്രമണം ഇസ്രഈൽ അവസാനിപ്പിക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

ഹമാസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സമാധാന പദ്ധതിക്കായി സഹകരിച്ച രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

അതേസമയം സമാധാന പദ്ധതി അംഗീകരിക്കാൻ തയ്യാറെന്ന് ഇസ്രഈലും അറിയിച്ചു

ഗസ സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസ് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് നൽകിയിരുന്നു.

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ ഹമാസ് കരാറിലെത്തണമെന്നും ഈ അവസാനത്തെ അവസരത്തില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിധം ഹമാസിനെതിരായ ആക്രമണമുണ്ടാമെന്നും ട്രംപ് പറഞ്ഞിരുന്നു.

കൂടാതെ എല്ലാ ഫലസ്തീനികളും ഗസയിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും മരണ സാധ്യത കൂടുതലായതിനാല്‍ സ്ഥലത്ത് നിന്ന് പിന്‍മാറണമെന്നും ഹമാസിന്റെ മിക്ക പോരാളികളെയും വളഞ്ഞിരിക്കുകയാണെന്നും ഒരു ഉത്തരവിനായാണ് സൈനികര്‍ കാത്തിരിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: Hamas partially accepts Gaza plan, says all hostages can be released