വെടിനിർത്തൽ കരാർ പാലിക്കാൻ ഇസ്രഈലിനുമേൽ അന്താരാഷ്ട്ര സമ്മർദം ചെലുത്തണം: ഹമാസ്
World
വെടിനിർത്തൽ കരാർ പാലിക്കാൻ ഇസ്രഈലിനുമേൽ അന്താരാഷ്ട്ര സമ്മർദം ചെലുത്തണം: ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st October 2025, 3:47 pm

ഗസ: ഗസയിൽ വെടിനിർത്തൽ കരാർ പാലിക്കാൻ ഇസ്രഈലിനുമേൽ അന്താരാഷ്ട്ര സമ്മർദം ചെലുത്താൻ ആവശ്യപ്പെട്ട് ഹമാസ് .

ഗസയിൽ സമാധാനം കൊണ്ടുവരുന്നതിനായി ഇസ്രഈലിന്റെ വെടിനിർത്തൽ ഉറപ്പാക്കണമെന്നും അതിനായി അന്താരാഷ്ട്ര പ്രവർത്തകർ സമ്മർദം ചെലുത്തണമെന്നും ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞു.

ഇസ്രഈൽ ആവർത്തിച്ച് നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനത്തെക്കുറിച്ചും ഗസയിലേക്കുള്ള ഭക്ഷ്യവിതരണം തടയലിനെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി അമേരിക്ക ഉൾപ്പെടെയുള്ള മധ്യസ്ഥരുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും ഖാസിം പറഞ്ഞു.

ആദ്യഘട്ടത്തിൽ തന്നെ ഹമാസ് വെടിനിർത്തൽ കരാർ പാലിച്ച് ബന്ദികളെ കൈമാറിയിട്ടുണ്ടെന്നും ഖാസിം പറഞ്ഞു. ഗസയിലെ വ്യാപകമായ നാശം കാരണം ബന്ദി കൈമാറ്റം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധസമയത്ത് ബന്ദികളെ താമസിപ്പിച്ചിരുന്ന പ്രദേശങ്ങൾ ഇസ്രഈൽ മനപ്പൂർവം ബോംബിട്ട് തകർത്തുവെന്നും അവശിഷ്ട്ടങ്ങൾ നീക്കം ചെയ്യുന്നതിനായി നേരിടുന്ന പ്രധാന തടസം ഭാരമേറിയ യന്ത്രങ്ങളുടെ അഭാവമാണെന്നും ഹാസിം ഖാസിം പറഞ്ഞു.

ഫലസ്തീനികളെ പട്ടിണിക്കിടുമെന്ന നയത്തിൽ നിന്നും ഇസ്രഈൽ ഇതുവരെ പിന്മാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ പത്തുമുതൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് ഇതിനകം 20 ഇസ്രഈലി ബന്ദികളെ മോചിപ്പിച്ചു. 2000 ത്തോളം ഫലസ്തീനികളെ ഇസ്രഈൽലും വിട്ടയച്ചിരുന്നു.

വെടിനിർത്തൽ കരാറിന് ശേഷവും ഇസ്രഈൽ 80 തവണ കരാർ ലംഘനം നടത്തിയെന്ന് ഗസ യിലെ മീഡിയ ഓഫീസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണങ്ങളിൽ 97 ഫലസ്തിനികൾ കൊല്ലപ്പെടുകയും 230 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേസമയം ഗസയിൽ ഇസ്രഈൽ ആക്രമണം തുടരുമ്പോഴും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ ഉണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നു.

Content Highlight: Hamas: International pressure must be put on Israel to abide by ceasefire agreement