ഒടുവില്‍ സൈനിക മേധാവി മുഹമ്മദ് സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്
World
ഒടുവില്‍ സൈനിക മേധാവി മുഹമ്മദ് സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st August 2025, 6:59 am

ഗസ: ഗസയിലെ സൈനിക മേധാവി മുഹമ്മദ് സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. മെയ് മാസത്തിലെ വ്യോമാക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രഈല്‍ അവകാശപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞാണ് ഹമാസിന്റെ സ്ഥിരീകരണം.

രക്തസാക്ഷികള്‍ എന്ന് കുറിച്ചുകൊണ്ട് സിന്‍വാറിന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും ചിത്രങ്ങള്‍ ഹമാസ് പങ്കുവെക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നേരത്തെ മെയ് മാസത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ വധിച്ചത് ഇസ്രഈല്‍ സൈന്യം തന്നെയാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചിരുന്നു. പാര്‍ലമെന്റില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

2023 ഒക്ടോബറില്‍ നടന്ന ഇസ്രഈല്‍ ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ ഇളയ സഹോദരനായിരുന്നു മുഹമ്മദ് സിന്‍വാര്‍. 2024ല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു മുഹമ്മദ് സിന്‍വാര്‍ പുതിയ ഹമാസ് നേതാവായി ചുമതലയേറ്റത്.

2006ല്‍ ഇസ്രഈല്‍ സൈനികനായ ഗിലാദ് ഷാലിത്തിനെ തട്ടിക്കൊണ്ടുപോയതില്‍ സിന്‍വാര്‍ പ്രധാന പങ്കുവഹിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിന്‍വാറിനെതിരെ മുമ്പ് നിരവധി തവണ വധശ്രമങ്ങള്‍ ഇസ്രഈലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

2000ത്തില്‍ രണ്ടാം ഇന്‍തിഫാദയുടെ സമയത്തായിരുന്നു ആദ്യ ശ്രമം. പിന്നീട് 2006ലും 2008ലും വീണ്ടും ഇസ്രഈല്‍ സിന്‍വാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ 2014ല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന് ഹമാസ് പ്രഖ്യാപിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സിന്‍വാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഇസ്രഈല്‍ ഇന്റലിജന്‍സിന് വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.

2025 മെയ് മാസത്തിലായിരുന്നു സിന്‍വാറിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രഈല്‍ ഗസ മുനമ്പില്‍ ആക്രമണം നടത്തുന്നത്. തെക്കന്‍ ഗസ മുനമ്പിലെ ഒരു ആശുപത്രിയുടെ അടിയില്‍ ബങ്കറില്‍ ഒളിച്ചിരുന്ന സിന്‍വാറിനെ ലക്ഷ്യമിട്ട് ഇസ്രഈല്‍ ബോംബുകളിടുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു.

ഇതിനുശേഷമായിരുന്നു നെതന്യാഹു സിന്‍വാര്‍ കൊല്ലപ്പെട്ടുവെന്ന പ്രഖ്യാപനം നടത്തിയത്. മുഹമ്മദ് സിന്‍വാറിന്റെ മൃതദേഹം കണ്ടെടുത്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നില്ല.

മുഹമ്മദ് സിന്‍വാറിന് പുറമെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കണക്കാക്കിയിരുന്ന റഫ ബ്രിഗേഡ് തലവന്‍ മുഹമ്മദ് ഷബാനയുള്‍പ്പെടെ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോള്‍ ഹമാസ് തന്നെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതോടെ വടക്കന്‍ ഗസയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇസ്സുദ്ദീന്‍ ഹദ്ദാദ് ഹമാസിന്റെ സൈന്യത്തെ നയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Hamas finally confirms the death of military chief Mohammed Sinwar