ഗസ: വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചെന്ന അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ പ്രസ്താവന നിരസിച്ച് ഹമാസ്. യു.എസ് ആരോപണങ്ങൾ തെറ്റാണെന്നും ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ഇസ്രഈലിന്റെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഫലസ്തീനികൾക്കെതിരായ ആക്രമണത്തിന് മറയൊരുക്കുന്നതിന്റെ തുടർച്ചയാണിതെന്നും ഹമാസ് പറഞ്ഞു.
ഗസയിലെ ജനതയ്‌ക്കെതിരെ ഹമാസ് ആക്രമണം നടത്തുന്നുവെന്ന ആരോപണം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉന്നയിച്ചിരുന്നു. വെടിനിർത്തലിന് ഗുരുതരമായ ലംഘനമാണിതെന്നും യു.എസ് പിന്തുണയുള്ള സമാധാനകരാർ പ്രകാരമുള്ള വ്യവസ്ഥകൾ ഹമാസ് പാലിക്കണമെന്നും യു.എസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇസ്രഈൽ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കാനും വെടിനിർത്തൽ കരാറിന്റെ ലംഘനങ്ങൾ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഹമാസ് അമേരിക്കയോട് ആവശ്യപ്പെട്ടു.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ പ്രസ്താവന അമ്പരപ്പിക്കുന്നതാണെന്ന് ഫലസ്തീൻ സ്കോളർ ആൻഡ് മിഡിൽ ഈസ്റ്റ് അനലിസ്റ്റ് മൊയിൻ റബ്ബാനി പറഞ്ഞു. ‘ഇത്
ഗസയിലെ ആഭ്യന്തര സംഘർഷം ആളിക്കത്തിക്കാനുള്ള ശ്രമാണെന്നാണ് ഞാൻ കരുതുന്നത്,’ റബ്ബാനി പറഞ്ഞു.
രണ്ട് വർഷമായി നടക്കുന്ന വംശഹത്യയ്ക്ക് എല്ലാവിധ പിന്തുണയും നൽകുന്ന അമേരിക്കയുടെ പ്രവൃത്തികൾ സങ്കൽപ്പിക്കുന്നതിനുമപ്പുറമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സമാധാന പദ്ധതിക്ക് ശേഷവും ഗസയിൽ ആഭ്യന്തര സംഘർഷം തുടരുന്നതിനാൽ ഗസയിലേക്ക് പോയി ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച ഇസ്രഈലും ഹമാസും തമ്മിലുള്ള വെടിനിർത്തലിനായി സമാധാന പദ്ധതി നിലവിൽ വന്നിരുന്നു ഇതോടെ യുദ്ധം അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഗസയിലേക്ക് കടക്കുന്നത് തങ്ങളായിരിക്കില്ലെന്നും യു.എസിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും ഇസ്രഈലിന്റെ പേര് പരാമർശിക്കാതെ ട്രംപ് പറഞ്ഞു. എന്നാൽ തങ്ങളുടെ മേൽനോട്ടത്തിലായിരിക്കും അവർ അകത്തുകടക്കുകയെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു
Content Highlight: Hamas denies US allegations; says ceasefire agreement not violated