ഗസയിലെ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി; പ്രൈവറ്റിലെ ആദ്യ ഗാനം പുറത്തിറങ്ങി
Malayalam Cinema
ഗസയിലെ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി; പ്രൈവറ്റിലെ ആദ്യ ഗാനം പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th October 2025, 8:35 pm

ഗസയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി സമർപ്പിച്ച് പ്രൈവറ്റ് സിനിമ. ചിത്രത്തിലെ ആദ്യപാട്ടായ ‘എലോൺ ‘ എന്ന ലിറിക്കൽ ഗാനത്തിലാണ് സ്‌ക്രീനിന്റെ പകുതി ഗസയിലെ കുട്ടികൾക്ക് വേണ്ടി സമർപ്പിച്ചത്.

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മീനാക്ഷി അനൂപും ഇന്ദ്രൻസും ചിത്രത്തിലെ പ്രധാന അണിയറക്കാരും കൊലപാതങ്ങൾ അവസാനിപ്പിക്കണമെന്ന് പറയുന്നുണ്ട്. സരിഗമ മലയാളമാണ് ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കിയത്.

ഗസയിലെ കുഞ്ഞുങ്ങളെ ജീവിക്കാനും സ്വപ്‌നം കാണാനും ചിരിക്കാനും അനുവദിക്കണമെന്നും പകുതി സ്‌ക്രീനിലൂടെ അവർ ആവശ്യപ്പെട്ടു. സ്‌ക്രീനിന്റെ പകുതിയിൽ ടൈറ്റിൽ കാർഡാണ് കാണിച്ചിരിക്കുന്നത്. ഫ്രെയിമിൽ ഫലസ്തീൻ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവാണ് കാണിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ അണിയറക്കാർ ആദ്യമായിട്ടാണ് സിനിമയുടെ റിലീസുകളിൽ ഗസയിലെ കുഞ്ഞുങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.

ഇന്ദ്രൻസും മീനാക്ഷി അനൂപും അന്നു ആന്റണിയും ഒന്നിക്കുന്ന പ്രൈവറ്റ് ഒക്ടോബൽ പത്തിന് തിയേറ്ററുകളിലെത്തും. നവാഗതനായ ദീപക് ഡിയോൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ പുറത്ത് വിട്ടിരുന്നു.

ലെറ്റ്‌സ് ഗോ ഫോർ എ വാക്ക് എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന ചിത്രം ഓഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടർന്ന് റിലീസ് തീയതി മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിന് സെൻസർ ലഭിച്ചതിന് പിന്നാലെ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. U/A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

സി ഫാക്ടർ ദി എന്റർടെയ്‌മെന്റ് കമ്പനിയുടെ ബാനറിൽ വി.കെ.ബഷീറാണ് ചിത്രത്തിന്റെ നിർമാണം.

Content Highlight: Half the screen for children in Gaza; First song from Private released