നിഖില്‍ മുരളിയുടെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രണയ വിലാസം. അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍, ഹക്കിം ഷാ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു.
ചിത്രത്തില്‍ ഹക്കിം ഷാ അവതരിപ്പിച്ച വിനോദ് എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ സിനിമയായ പെണ്ണു കേസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പ്രണയ വിലാസം സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.
‘ എനിക്ക് റിലേറ്റബിളായിരുന്ന കഥാപാത്രമാണ് അത്. ഞാന്‍ ആ സമയത്ത് ഒരു ബ്രേക്ക് അപ്പിലൂടെ കടന്ന് പോകുകയായിരുന്നു. അങ്ങനെയൊരു സ്‌റ്റേജായിരുന്നു അത്. എന്ത് മാനസികാവസ്ഥയിലൂടെയായിരിക്കും ആ കഥാപാത്രം കടന്നു പോയിട്ടുണ്ടാകുക എന്നത് എനിക്ക് വളരെ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. പ്രണയ വിലാസത്തെ കുറിച്ച് ആളുകള്‍ ഇപ്പോളും പറയുന്നത് നല്ലതാണ്. അവര്‍ക്ക് ആ കഥാപാത്രത്തെ അത്ര ഇഷ്ടപ്പെട്ടിരുന്നു,’ ഹക്കിം ഷാ പറയുന്നു.
സിനിമയില്‍ പൊലീസ് ഓടിക്കുന്ന സീനില്‍ താന്‍ വീണ് ലിഗമെന്റ് പൊട്ടിയിരുന്നുവെന്നും പിന്നീട് ഒരു മാസം ബെഡ് റെസ്റ്റിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് സിനിമയിലെ തന്റെ അവസാന ഷോട്ടായിരുന്നുവെന്നും ഹക്കിം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫെബിന്‍ സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ നിഖില വിമലും ഹക്കീം ഷായും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് പെണ്ണ് കേസ്. മുകേഷ് ആര്‍ മെഹ്ത നിര്‍മിക്കുന്ന ചിത്രത്തില്‍ രമേഷ് പിഷാരടി, ഇര്‍ഷാദ് അലി, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഡിസംബര്‍ 5നാണ് തിയേറ്ററുകളിലെത്തുന്നത്.
Content highlight: Hakim Shah says the character in the movie Pranayavilasam is relatable to him