സലഫി പ്രഭാഷകരെ നിറയ്ക്കുന്നു; വനിതാ ലീഗിന്റെ ഹജ്ജ് ക്ലാസ് വിവാദത്തില്‍
Kerala News
സലഫി പ്രഭാഷകരെ നിറയ്ക്കുന്നു; വനിതാ ലീഗിന്റെ ഹജ്ജ് ക്ലാസ് വിവാദത്തില്‍
ആദര്‍ശ് എം.കെ.
Wednesday, 31st December 2025, 3:14 pm

 

കോഴിക്കോട്: വനിതാ ലീഗന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹജ്ജ് ക്ലാസ് വിവാദത്തില്‍. വനിതാ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് ക്ലാസാണ് വിവാദത്തിലായിരിക്കുന്നത്.

രാഷ്ട്രീയത്തിന്റെ മറപറ്റി വഹാബിസം ഒളിച്ചുകടത്താനുള്ള ശ്രമമാണ് വനിതാ ലീഗിന്റെ നേതൃത്വത്തില്‍ നടന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരമടക്കമുള്ളവരാണ് പരിപാടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ അസ്തിത്വത്തെ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും എന്നാല്‍ രാഷ്ട്രീയത്തിന്റെ മറവില്‍ വഹാബിസം വളര്‍ത്താനുള്ള ശ്രമമാണ് എതിര്‍ത്തിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ പൊതുവേദി എന്ന നില വിട്ട് അവാന്തര വിഭാഗങ്ങളുടെ മതപരമായ ആശയ പ്രചരണത്തിന് ലീഗ് വേദിയൊരുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മലപ്പുറം ജില്ലാ വനിതാ ലീഗ് വനിതകള്‍ക്കായി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുകയും അതില്‍ അറിയപ്പെട്ട വഹാബി വനിതാ നേതാക്കള്‍
ക്ലാസെടുക്കുകയും ചെയ്തതായി ചന്ദ്രികയില്‍ വാര്‍ത്ത കണ്ടു.

ഹജ്ജിന് പോകുന്ന വിശ്വാസികള്‍ മദീനയില്‍ ചെന്ന് മുത്ത് റസൂല്‍ (സ)യെ സിയാറത്ത് ചെയ്യുക എന്നത് പതിവാണ്. എന്നാല്‍ അതിനുവേണ്ടി മദീനയിലേക്ക് യാത്ര ചെയ്യല്‍ കുറ്റകരവും കടുത്ത ശിര്‍ക്കുമാണ് എന്നു പറയുന്നവരാണ് വഹാബികള്‍. സുന്നി വിശ്വാസികളെ വഴി തെറ്റിക്കുന്ന ഈ നീക്കം പ്രതിഷേധാര്‍ഹമാണ്,’ റഹ്‌മത്തുള്ള സഖാഫി എളമരം പോസ്റ്റിലെഴുതി.

വനിതാ ലീഗിന്റെ ഈ പ്രവൃത്തി നിലവില്‍ കെട്ടടങ്ങിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കാന്‍ കാരണമാകുമെന്നും നേതൃത്വം ഇത് നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

സുന്നി യുവ നേതാവും സമസ്ത പി.ആര്‍.ഒയുമായി മുഹമ്മദ് ത്വയ്യിബ് ഹുദവിയും വിമര്‍ശനമുന്നയിച്ചിരുന്നു.

സുന്നി ആശയങ്ങള്‍ പിന്തുടരുന്നവരെ മുസ്‌ലിം ലീഗിന്റെ ലേബലില്‍ വിളിച്ചുവരുത്തി സലഫി വ്യക്തികളെക്കൊണ്ട് മതപരമായ കാര്യങ്ങളില്‍ ക്ലാസ്സ് എടുപ്പിക്കുന്ന പരിപാടി നിര്‍ത്തണമെന്നാണ് ത്വയ്യിബ് ഹുദവി ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടത്.

ഇതിനെ എതിര്‍ക്കാന്‍ സുന്നി സംഘടനകള്‍ക്കും നേതാക്കന്മാര്‍ക്കും ബാധ്യതയുണ്ടെന്നും മതവിശ്വാസങ്ങളിലും കര്‍മങ്ങളിലും കയറിക്കൂടാന്‍ സലഫികള്‍ ശ്രമിക്കുമ്പോള്‍ മൗനം പാലിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയിരത്തോളം ഹജ്ജുമമ്മാര്‍ പങ്കെടുത്ത പങ്കെടുത്ത വനിതാ ലീഗിന്റെ ഹജ്ജ് പഠനക്ലാസ് സയ്യിദത്ത് സുല്‍ഫത്ത് ബീവിയാണ് ഉദ്ഘാടനം ചെയ്തത്. ഡോ. ആമിന നൗഷാദ്, ഡോ. സുഫീന ഫവാസ് എന്നിവര്‍ ക്ലാസെടുത്തു.

വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ജില്ലാ പ്രസിഡന്റ് കെ.പി. ജെല്‍സിമിയ, ജനറല്‍ സെക്രട്ടറി സക്കീന പുല്‍പ്പാടന്‍, ജില്ലാ ഭാരവാഹികളായ ഹാജറുമ്മ ടീച്ചര്‍, റംല, ജമീല അബൂബക്കര്‍, സുബൈദ വി.കെ, ഷാഹിന, ഫസീല, മൈമുന ടീച്ചര്‍, ആസ്യ ടീച്ചര്‍, ആയിഷ തുടങ്ങിയവരും പരിപാടിയുടെ ഭാഗമായിരുന്നു.

 

Content Highlight: Hajj class organized by Vanitha League in controversy

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.