മുടികൊഴിച്ചില്‍; കൊറിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ 'ചൂടേറിയ രാഷ്ട്രീയവിഷയം'; ഹെയര്‍ ഫിക്‌സിങ്ങിന് ഇന്‍ഷുറന്‍സ് നല്‍കുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
World News
മുടികൊഴിച്ചില്‍; കൊറിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ 'ചൂടേറിയ രാഷ്ട്രീയവിഷയം'; ഹെയര്‍ ഫിക്‌സിങ്ങിന് ഇന്‍ഷുറന്‍സ് നല്‍കുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th January 2022, 3:28 pm

സോള്‍: ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. എന്നാല്‍ രാഷ്ടീയ വിഷയങ്ങള്‍ക്കപ്പുറം മറ്റ് ചില ചര്‍ച്ചകള്‍ കൂടി പ്രചാരണ വേദികളില്‍ സജീവമാകുകയാണ്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുള്ള ലീ ജേ-മ്യുങ് ആണ് മുടി വളര്‍ത്തുന്നതിനുള്ള ചികിത്സ ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രോഗ്രാമിന് കീഴില്‍ കൊണ്ടുവരുമെന്ന് ജനങ്ങളോട് വാഗ്ദാനം നല്‍കിയത്.

ഹെയര്‍ ഫിക്‌സിങ് ട്രീറ്റ്‌മെന്റിന് സര്‍ക്കാര്‍ പണം നല്‍കുമെന്ന പ്രസ്താവന പുറത്തുവന്നതോടെ രാജ്യത്തെ കഷണ്ടിയുള്ള വോട്ടര്‍മാരില്‍ നിന്ന് ലീ ജേ-മ്യുങിന് ലഭിക്കുന്ന പിന്തുണ വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഷണ്ടിയുള്ളവരുടെ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ ലീ ജേ-മ്യുങിന്റെ വാഗ്ദാനത്തിന് പിന്തുണയുമായി വ്യാപകമായി കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം, വെറുതെ ജനങ്ങളുടെ വികാരത്തെ ഇളക്കിവിടാനുള്ള ക്യാംപെയിനിന്റെ ഭാഗമാണ് ലീ ജേ-മ്യുങിന്റെ പ്രസ്താവനയെന്നും വലിയ രീതിയില്‍ വിമര്‍ശനമുയരുന്നുണ്ട്.

രാജ്യത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സാമ്പത്തിക സ്ഥിതിയെ ഈ തീരുമാനം മോശമായി ബാധിക്കുമെന്നാണ് ഉയരുന്ന മറ്റൊരു വിമര്‍ശനം.

നിലവില്‍ പ്രായമേറിയതിന്റെ ഭാഗമായോ പാരമ്പര്യമായോ മുടി കൊഴിയുന്നവര്‍ക്ക് രാജ്യത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി വഴി ചികിത്സാ സഹായം ലഭിക്കില്ല. ഏതെങ്കിലും പ്രത്യേക രോഗത്തിന്റെ പാര്‍ശ്വഫലമായി മുടി കൊഴിയുന്നവര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് സഹായം ലഭിക്കുന്നത്.

മാര്‍ച്ചിലാണ് ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hair loss emerges as Hot Poll issue ahead of South Korean Presidential elections