ഹാഫിസ് ജിയെന്ന് വിളിച്ചത് ശരിയാണ്, പക്ഷേ സന്ദര്‍ഭം കൂടി പരിശോധിക്കണം; വിവാദ വീഡിയോയില്‍ ഉരുണ്ടുകളിച്ച് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്
national news
ഹാഫിസ് ജിയെന്ന് വിളിച്ചത് ശരിയാണ്, പക്ഷേ സന്ദര്‍ഭം കൂടി പരിശോധിക്കണം; വിവാദ വീഡിയോയില്‍ ഉരുണ്ടുകളിച്ച് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്
ന്യൂസ് ഡെസ്‌ക്
Wednesday, 13th March 2019, 4:02 pm

ന്യൂദല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയ്യിദിനെ ഹാഫിസ് ജി എന്ന് അഭിസംബോധന ചെയ്യുന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ വീഡിയോ കഴിഞ്ഞ ദിസമായിരുന്നു കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ ബി.ജെ.പി വലിയ വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസും തിരിച്ചടിച്ചത്.

ഹാഫിസ് സയ്യിദിനോടുള്ള ബി.ജെ.പിയുടെ അനുഭാവം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഹാഫിസ് സയ്യിദുമായി കൂടിക്കാഴ്ച നടത്താന്‍ ബി.ജെ.പി പാക്കിസ്ഥാനിലേക്ക് പ്രത്യേക ദൂതനെ അയച്ച കാര്യവും ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. സംഗതി വിവാദമായതോടെ തന്റെ പഴയപ്രസ്താവനയില്‍ വിശദീകരണവുമായി രവിശങ്കര്‍ പ്രസാദ് തന്നെ രംഗത്തെത്തി.


തുടര്‍ന്നും കൂടെ നില്‍ക്കണമെന്ന് മാതൃഭൂമിയോട് പ്രധാനമന്ത്രിയുടെ ട്വീറ്റ്; റിപ്പബ്ലിക് ടിവി, ടൈംസ് നൗ, ന്യൂസ് 18 ചാനലുകളോടും അഭ്യര്‍ത്ഥന


ഹാഫിസ് സയ്യിദ് ജി എന്ന് വിളിച്ചത് ശരിയാണന്നും എന്നാല്‍ അത് സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്താണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് എന്നുമാണ് രവിശങ്കര്‍ പ്രസാദിന്റെ വാദം. കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോയുടെ മുഴുവന്‍ ഭാഗവും കാണണമെന്നും മന്ത്രി പറയുന്നു.

“” ഒരു വര്‍ഷം മുന്‍പുള്ള വീഡിയോ ആണ് ഇത്. ആ പത്രസമ്മേളത്തില്‍ ഹാഫിസ് സയ്യിദിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. ആക്ഷേപഹാസ്യമെന്നോണമാണ് ഹാഫിസ് സയ്യിദ് ജി എന്ന് പറഞ്ഞത്. അവര്‍ കൊലപാതകികളും തീവ്രവാദികളുമാണെന്നുമാണ് തുടര്‍ന്ന് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ വിശ്വസിക്കണം.””- രവിശങ്കര്‍ പ്രസാദ് പറയുന്നു.

എന്നാല്‍ പ്രസ്തുത പത്രസമ്മേളനത്തില്‍ ഹാഫിസ് സയ്യിദിനെതിരായി അദ്ദേഹം സംസാരിക്കുന്നില്ലെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.

അതേസമയം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ് പ്രസ്താവനയെന്ന് താങ്കള്‍ പറയുന്നുണ്ടല്ലോയെന്നും എങ്കില്‍ പിന്നെ രാഹുല്‍ ഗാന്ധി സംസാരിച്ചതിനേയും ബി.ജെ.പി അടര്‍ത്തിയെടുത്ത് ആയുധമാക്കിയതല്ലേ എന്ന ചോദ്യത്തില്‍ നിന്നും രവി ശങ്കര്‍ പ്രസാദ് ഒഴിഞ്ഞുമാറി.

“” നിങ്ങള്‍ എന്റെ അന്നത്തെ പത്രസമ്മേളനം മുഴുവന്‍ കാണൂ”” എന്നായിരുന്നു രവിശങ്കര്‍ പ്രസാദ് അതിന് നല്‍കിയ മറുപടി. “” നിങ്ങള്‍ എന്നെ കൂടി ആ വീഡിയോ കാണിക്കൂ.. ഈ രാജ്യത്തോടും തീവ്രവാദത്തോടുമുള്ള ഞങ്ങളുടെ സമീപനം വ്യക്തമാണ്. ഇതില്‍ നിന്നും രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തീവ്രവാദത്തിനെതിരെ നിലപാടെടുക്കുന്ന അന്താരാഷ്ട്ര ശക്തിയായി ഇന്ത്യയെ മാറ്റുക എന്നതാണ് ബി.ജെ.പിയുടെ കര്‍ത്തവ്യമെന്ന് കൂടി കേന്ദ്രമന്ത്രി പറഞ്ഞുവെച്ചു.

ഭീകരവാദികളുടെ തലവനായ മസൂദ് അസറിനെ “ജി” എന്ന് വിളിച്ചതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭീകരവാദത്തോടുള്ള സ്നേഹമാണോ പ്രകടിപ്പിക്കുന്നതെന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദായിരുന്നു രാഹുലിനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയത്. ” കമോണ്‍ രാഹുല്‍ ജി, നേരത്തെ ദിഗ് വിജയ് സിങ് ഒസാമയെ ഒസാബ ജിയെന്ന് വിളിച്ചു ഇപ്പോള്‍ താങ്കള്‍ മസൂദ് അസര്‍ ജിയെന്നും വിളിക്കുന്നു. കോണ്‍ഗ്രസിന് ഇതെന്തുപറ്റി”” എന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ ചോദ്യം.

എന്നാല്‍ ഇതിന് പിന്നാലെ തന്നെ കേന്ദ്രമന്ത്രിയുടെ വായടപ്പിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തുകയായിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയ്യിദിനെ ഹാഫിസ് ജി എന്ന് വിളിക്കുന്ന എന്ന് അഭിസംബോധന ചെയ്യുന്ന രവിശങ്കര്‍ പ്രസാദിന്റെ വീഡിയോ ആണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.