ഇമാമിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ്: ഹരജി നല്‍കിയത് ഇരയുടെ മാതാവ്
kERALA NEWS
ഇമാമിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ്: ഹരജി നല്‍കിയത് ഇരയുടെ മാതാവ്
ന്യൂസ് ഡെസ്‌ക്
Friday, 22nd February 2019, 2:17 pm

 

തിരുവനന്തപുരം: ഇമാമിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ്. പെണ്‍കുട്ടിയുടെ മാതാവാണ് ഹരജി നല്‍കിയത്.

ഇരയായ തന്റെ മകള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ നിയവിരുദ്ധമായ കസ്റ്റഡിയിലാണുള്ളത്. അത് കുട്ടിയെ മാനസികമായി തളര്‍ത്തുന്നുണ്ട്. കുട്ടി പത്താം ക്ലാസില്‍ പഠിക്കുകയാണ്. പരീക്ഷ അടുത്തുവരികയാണ്. അതുകൊണ്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ പോലും ഈ അവസ്ഥയില്‍ മാനസികമായി കഴിയുന്നില്ലെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഏറെ മാധ്യമശ്രദ്ധ കിട്ടിയ കേസായതുകൊണ്ട് കുട്ടിയെ മാനസികമായി ഇത് ഏറെ ബാധിച്ചിട്ടുണ്ട്. കോടതി ഇടപെട്ട് കുട്ടിയെ ഇവരുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ച് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണം. ഒപ്പം കുട്ടിയെ മാതാവായ തന്റെ കൂടെ വിടാനുള്ള നടപടിയും ഉണ്ടാകണമെന്നുമാണ് ഹരജിയില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി മുന്‍ അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയാണ് പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചത്.

Also read:പാക്കിസ്ഥാന്‍ യുദ്ധത്തിന് ഒരുക്കമാണെങ്കില്‍ ഇന്ത്യയ്ക്കാണോ ബുദ്ധിമുട്ട്; പാക്കിസ്ഥാനുമായി യുദ്ധത്തിന് തയ്യാറെന്ന് രാജ്‌നാഥ് സിങ്

സംഭവത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് പളളിയിലെ ചീഫ് ഇമാമായിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ തത്സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നുമാണ് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ അറിയിച്ചത്.വ്യക്തമാക്കിയിരുന്നു.

സംഭവത്തെക്കുറിച്ച് ബാദുഷാ പറഞ്ഞത്:

ആ സ്ഥലം ആദ്യമായി എത്തുന്ന ഒരാള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണ്. ഇവിടെ നേരത്തെയും അദ്ദേഹം വന്ന് കാണണം. നടന്നത് എന്താണെന്ന് അറിയാന്‍ അവിടെ പോയിരുന്നു. പ്രദേശത്തുളളവരെ കണ്ട് സംസാരിച്ചു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് താഴ്ഭാഗത്തുളള ഒരു കുട്ടിയാണ് വല്ലാത്തൊരു സംഭവം അവിടെ കണ്ടത്. തുടര്‍ന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു.

ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു.ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. അവര്‍ തട്ടിക്കയറി. ഇത്രയും പ്രായമുളള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞ്. തുടര്‍ന്ന് ആക്രോശത്തോടെ വണ്ടി എടുക്കുകയായിരുന്നു.

ഈ തിരക്കിനിടയില്‍ വണ്ടിയുടെ പിറകുവശം പൊട്ടിയതായും കണ്ടെത്തി. അവിടെയുളള യുവാക്കള്‍ വിതുര വരെ വണ്ടിയെ ട്രേസ് ചെയ്തു വന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കണ്ടാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒന്നും ചെയ്യാതിരുന്നത്. അവരുടെ കയ്യില്‍ തെളിവുകളുണ്ട്. എവിടെ വന്ന് വേണമെങ്കിലും അവര്‍ ഇതൊക്കെ പറയാം എന്ന് അറിയിച്ചു. തുടര്‍ന്ന് കമ്മിറ്റി കൂടി ഏകകണ്ഠമായിട്ടാണ് നടപടി കൈക്കൊണ്ടത്.

രണ്ട് ദിവസം മുന്‍പ് ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി. ഇതിന് പിന്നാലെയാണ് ഇമാംസ് കൗണ്‍സിലും അച്ചടക്ക നടപടി സ്വീകരിച്ചത്.