വലത് രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന സിനിമകളെയും കലാകാരന്മാരെയും കൂച്ചുവിലങ്ങിടുന്ന നടപടി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സെന്‍സര്‍ ബോര്‍ഡിന്റെ അജണ്ടകളിലൊന്നാണ്. ഇത്തരത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേല്‍ കത്രിക വെച്ച സെന്‍സര്‍ ബോര്‍ഡിന്റെ ഏറ്റവും പുതിയ ഇരകളിലൊന്നായിരുന്നു റഫീഖ് വീര സംവിധാനം ചെയ്ത ഹാല്‍.
ഷെയ്ന്‍ നിഗവും സാക്ഷി വൈദ്യയും പ്രധാനവേഷത്തിലെത്തി ക്രിസ്മസ് റിലീസായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വിവാദ വിഷമായമായ ലവ് ജിഹാദ് പ്രമേയമാക്കി ഒരുക്കിയ ചിത്രം സംഘപരിവാര്‍ രാഷ്ട്രീയത്തെയും തീവ്ര മുസ്‌ലിം മതരാഷ്ട്രീയത്തെയും ആക്ഷേപഹാസ്യ രൂപത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
ഹാലിലെ ബീഫ് കഴിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ചിത്രത്തിന്റെ റിലീസിന് മുമ്പ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സീനിന്റെ ദൈര്‍ഘ്യം വെട്ടികുറച്ചെങ്കിലും താനുദ്ദേശിച്ച ആശയം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
സിനിമയുടെ അവസാനഭാഗത്താണ് ക്രിസ്ത്യാനിയായ നായികയുടെ പക്ഷം ചേര്‍ന്നെത്തുന്ന സംഘപരിവാറുകാരും നായകന്റെ വീട്ടുകാരുടെ കൂടെയെത്തുന്ന തീവ്ര മുസ്‌ലിം മതരാഷ്ട്രീയകാരും പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്ത മത വിഭാഗത്തില്‍ പെടുന്ന ആണും പെണ്ണും ഒന്നിക്കുന്നത് തടയാന്‍ വേണ്ടി എന്തിനും തയ്യാറെടുത്താണ് ഇരുകൂട്ടരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
വേണ്ടിവന്നാല്‍ പെണ്ണിന്റെ അച്ഛന്റെ കൈ പോലും വെട്ടാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് പറഞ്ഞെത്തിയ രണ്ടാമത്തെ വിഭാഗത്തിന്റെ അവിഭാജ്യ ഘടകമായാണ് ബീഫ് ബിരിയാണിയെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. മൈസൂര്‍ വരെ വണ്ടിക്ക് മുകളില്‍ ബിരിയാണി ചെമ്പും കയറ്റിവെച്ച് പോകുന്ന ഇക്കൂട്ടര്‍ യാത്രമധ്യേയാണ് വിശന്നുവലഞ്ഞിരിക്കുന്ന സംഘക്കൂട്ടത്തെ കാണുന്നത്.
വിശന്നപ്പോള്‍ മതവും പേരുമൊന്നും നോക്കാതെ ഭക്ഷണം ചോദിക്കുന്ന സംഘം ബീഫ് ബിരിയാണി എന്നറിഞ്ഞപ്പോള്‍ ഇരട്ടി ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നതായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഇതോടെ ബിരിയാണി നല്ല ടേസ്റ്റുള്ള ഭക്ഷണമാണെന്നും അത് നിരോധിക്കേണ്ടെന്നും സംഘാംഗങ്ങള്‍ പറയുന്നുണ്ട്.
സമകാലിക രാഷ്ട്രീയത്തില്‍ പ്രസക്തമായ സംഘപരിവാര്‍-ക്രിസ്ത്യന്‍ ബന്ധത്തെയും ചിത്രത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. മുസ്‌ലിം ചെക്കന്റെ കൈയ്യില്‍ നിന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ നമ്മളിടപെടണോ എന്ന് സംഘത്തിലെ ശിഷ്യന്‍ ചോദിക്കുമ്പോള്‍ ഡോറയെ നശിപ്പിക്കാന്‍ കുറുനരി ഭുജിക്ക് സഹായം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് ആശാന്‍ പറയുന്നത്.
ഹാല്‍. Photo: screengrab/ think music india/ youtube.com
അതേസമയം സഹായത്തിന് വിളിച്ച സംഘപരിവാറുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് നിശാന്ത് സാഗര്‍ അവതരിപ്പിച്ച കഥാപാത്രം പറയുന്നതും കേള്‍ക്കാം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ പ്രസിദ്ധമായ സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം, എടപ്പാള്‍ ഓട്ടം തുടങ്ങിയ സംഭവങ്ങളും ഹാലില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ഏഴോളം ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍. വി യാണ്. ചിത്രത്തില്‍ ജോണി ആന്റണി, മധുപാല്‍, ജോയ് മാത്യൂ, നിയാസ് ബക്കര്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Haal movie talks about sangh politics and extreme muslim politics
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.