ആ സീന്‍ ഡയറക്ട് ചെയ്തത് വിജയ് സാര്‍, ലോകേഷിനെ അദ്ദേഹം കളിയാക്കുകയും ചെയ്തു: എച്ച്. വിനോദ്
Indian Cinema
ആ സീന്‍ ഡയറക്ട് ചെയ്തത് വിജയ് സാര്‍, ലോകേഷിനെ അദ്ദേഹം കളിയാക്കുകയും ചെയ്തു: എച്ച്. വിനോദ്
അമര്‍നാഥ് എം.
Wednesday, 22nd July 2026, 7:30 pm

ജന നായകനെ വരവേല്ക്കാനൊരുങ്ങുകയാണ് തമിഴകം. ‘ചീഫ് മിനിസ്റ്റര്‍ ജോസഫ് വിജയ്’ എന്ന ടൈറ്റില്‍ കാര്‍ഡ് തിയേറ്ററുകളില്‍ ചരിത്രനിമിഷമാകുമെന്ന് ഉറപ്പാണ്. ഇളയ ദളപതിയില്‍ നിന്ന് ചീഫ് മിനിസ്റ്ററിലേക്കുള്ള വിജയ്‌യുടെ വളര്‍ച്ച സിനിമാലോകത്ത് തന്നെ ചരിത്രമാണ്. ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ ജന നായകന്‍ തിയേറ്ററുകളിലെത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.

വിജയ്‌യുടെ അവസാന ചിത്രമായൊരുങ്ങുന്ന ജന നായകന്‍ സംവിധാനം ചെയ്തിരിക്കുന്നത് എച്ച്. വിനോദാണ്. തുനിവിന് ശേഷം വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ഭഗവന്ത് കേസരിയുടെ റീമേക്കാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനോദ്. ജന നായകന്റെ ക്ലൈമാക്‌സിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിരുന്നെന്ന് വിനോദ് പറഞ്ഞു.

മൂന്ന് ക്ലൈമാക്‌സുകളാണ് പ്ലാന്‍ ചെയ്തതെന്നും ആദ്യത്തേതില്‍ വിജയ്‌യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ വിജയ്‌യോട് ചോദ്യം ചോദിക്കുന്നതായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ്‌യുടെ ഫാന്‍ബോയ് സംവിധായകരായ ലോകേഷ്, നെല്‍സണ്‍, അറ്റ്‌ലീ എന്നിവര്‍ പങ്കെടുക്കുന്ന ഒന്നും, ക്രിക്കറ്റര്‍ വരുണ്‍ ചക്രവര്‍ത്തിയുമായുള്ള സീനുമായിരുന്നു പ്ലാന്‍ ചെയ്തതെന്നും വിനോദ് പറയുന്നു. ലോകേഷും ടീമുമുള്ള ക്ലൈമാക്‌സ് മതിയെന്ന് അസിസ്റ്റന്റുകള്‍ നിര്‍ദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യാഗ്ലിറ്റ്‌സിനോട് സംസാരിക്കുകയായിരുന്നു വിനോദ്.

‘ആ സീന്‍ സംവിധാനം ചെയ്തത് വിജയ് സാറാണ്. അത് അദ്ദേഹം സംവിധാനം ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. ഇനിയൊരിക്കലും അദ്ദേഹത്തിന് ഇതുപോലൊരു അവസരം ലഭിക്കുമോ എന്ന് അറിയില്ല. ചോദിച്ച ഉടനെ വിജയ് സാര്‍ അതിന് ഓക്കെ പറഞ്ഞു. ലോകേഷൊക്കെ വലിയ ഹൈപ്പിലായിരുന്നു ആ സമയത്ത്. ഒറ്റ ടേക്ക് മാത്രമേ അദ്ദേഹം എടുത്തുള്ളൂ.

ലോകേഷിന് അത് മതിയായിരുന്നില്ല. ‘ഒരു ടേക്ക് കൂടി പോകാം’ എന്ന് ലോകേഷ് പറഞ്ഞപ്പോള്‍ ‘അതിന്റെ ആവശ്യമില്ല’ എന്നായിരുന്നു സാറിന്റെ മറുപടി. ‘ലോകീ, നീ നിന്റെ 100 ശതമാനം ഇതില്‍ തന്നില്ലേ’ എന്ന് തമാശരൂപത്തില്‍ ചോദിച്ചു. മറക്കാനാകാത്ത അനുഭവമായിരുന്നു അത്. ലാസ്റ്റ് ഷോട്ട് എടുത്തതിന് ശേഷവും അദ്ദേഹത്തിന് വലിയ മാറ്റമില്ലായിരുന്നു,’ വിനോദ് പറയുന്നു.

മമിത ബൈജു, പൂജ ഹെഗ്‌ഡേ, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം മേനോന്‍, പ്രിയാമണി, നരേന്‍ തുടങ്ങി വന്‍ താരനിരയാണ് ജന നായകനില്‍ അണിനിരക്കുന്നത്. 400 കോടിയോളം ചെലവഴിച്ച് ഒരുക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ദളപതിയുടെ വണ്‍ ലാസ്റ്റ് ഡാന്‍സ് വിജയിപ്പിക്കാനാണ് ആരാധകരുടെ ശ്രമം.

Content Highlight: H Vinoth about the scene directed by Vijay in Jana Nayagan

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം