ഈ തടസങ്ങൾ യു.എസ് അധികാരികൾക്ക് ഉചിതമായി പരിഹരിക്കാൻ കഴിയുമെന്ന് ഇന്ത്യൻ സർക്കാർ പ്രത്യാശ പ്രകടിപ്പിച്ചു.
‘ട്രംപിന്റെ നടപടി, കുടുംബങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കാരണം മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. യു.എസ് അധികാരികൾക്ക് ഈ തടസങ്ങൾ ഉചിതമായി പരിഹരിക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
യു.എസ് എച്ച്- 1 ബി വിസ പ്രോഗ്രാമിലെ നിർദിഷ്ട നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സർക്കാർ പരിശോധിച്ചിട്ടുണ്ട്. ഈ നടപടിയുടെ പൂർണമായ പ്രത്യാഘാതങ്ങൾ ഇന്ത്യൻ വ്യവസായത്തെ ഉൾപ്പെടെ എങ്ങനെ ബാധിക്കുമെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്.
എച്ച് – 1 ബി വിസയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വ്യക്തമാക്കുന്ന പ്രാഥമിക വിശകലനം ഇതിനകം പുറത്തിറക്കിയിട്ടുണ്ട്,’ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
മുന്നോട്ട് പോകാനുള്ള മാർഗത്തെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ദരായ ആളുകളുടെ പ്രവർത്തനം യു.എസിലെയും ഇന്ത്യയിലെയും സാങ്കേതിക വികസനം, നവീകരണം, സാമ്പത്തിക വളർച്ച, മത്സരക്ഷമത എന്നിവയ്ക്ക് വലിയ സംഭവനകൾ നൽകിയിട്ടുണ്ട്. പരസ്പര നേട്ടങ്ങൾ കണക്കിലെടുത്ത് നയരൂപകർത്താക്കൾ സമീപകാല നടപടികൾ വിലയിരുത്തും.
ഉന്നത വിദ്യാഭ്യാസവും പരിശീലനും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളിൽ വിദേശത്ത് നിന്നുളള പ്രൊഫഷണലുകളുടെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് – 1 ബി വിസ. എച്ച് 1 ബി വിസയ്ക്ക് പ്രതിവർഷം ഒരു ലക്ഷം ഡോളർ നൽകണമെന്ന തീരുമാനം സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരും.
എച്ച് – 1 ബി വിസ ഉടമകളോ അവരുടെ കുടുബാംഗങ്ങളോ ജോലിക്കോ അവധിക്കാലത്തിനോ വേണ്ടി പുറത്തുപോകുകയാണെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്താൻ ശ്രമിക്കണം. സെപ്റ്റംബർ 21 പുലർച്ചെ 12. 01 മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതിനാൽ യു.എസിലേക്ക് പ്രവേശനം നിഷേധിക്കക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlight: H-1B visa: There may be humanitarian consequences; India hopes to resolve them