ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും പുറത്താക്കുന്നതിന് പ്രതിപക്ഷകക്ഷികള്‍ നല്‍കിയ നോട്ടീസിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ഗ്യാനേഷ് കുമാര്‍.
കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാതിരുന്നത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ തീര്‍ത്തും പക്ഷാപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയത്. ഇതാദ്യമായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാനായി പ്രതിപക്ഷം നോട്ടീസ് നല്‍കുന്നത്.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ സമയത്ത് ഭരണകക്ഷിയായി ബി.ജി.പിയെ സഹായിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെതിരെ രംഗത്തെത്തിയത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324(5) പ്രകാരം, ഒരു സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ സങ്കീര്‍ണമായ നടപടിക്രമങ്ങളിലൂടെ മാത്രമേ ചീഫ് ഇലക്ഷന്‍ കമ്മീഷണറെ പുറത്താക്കാന്‍ സാധിക്കൂ. ‘തെളിയിക്കപ്പെട്ട ദുര്‍നടപടിയോ അപ്രാപ്തിയോ’ ഉണ്ടെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്ത് നിന്നും ഇംപീച്ച് ചെയ്യാന്‍ സാധിക്കൂ.
ഈ പ്രമേയം പാര്‍ലമെന്റിന്റെ ഏതെങ്കിലും സഭയില്‍ അവതരിപ്പിക്കുകയും പ്രത്യേക ഭൂരിപക്ഷത്തോടെ പാസാക്കുകയും വേണം. സഭിയിലെ ഭൂരിപക്ഷം അംഗങ്ങളും വോട്ടിങ്ങില്‍ പങ്കെടുക്കുകയും ഇതില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷവുമുണ്ടെങ്കില്‍ മാത്രമേ ഈ പ്രമേയം പാസാവുകയുള്ളൂ.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പാര്‍ലമെന്റിന് മാത്രമേ നീക്കം ചെയ്യാന്‍ കഴിയൂ എങ്കിലും, മറ്റ് ഇലക്ഷന്‍ കമ്മീഷണര്‍മാരെ അദ്ദേഹത്തിന്റെ ശുപാര്‍ശപ്രകാരം രാഷ്ട്രപതിക്ക് നീക്കം ചെയ്യാവുന്നതാണ്.
ലോക്‌സഭയിലെ 130 അംഗങ്ങളും രാജ്യസഭയിലെ 63 അംഗങ്ങളുമാണ് ഇലക്ഷന്‍ കമ്മീഷണറെ പിന്‍വലിക്കാനുള്ള നോട്ടീസില്‍ ഒപ്പുവെച്ചത്. ഇന്ത്യ മുന്നണിയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമെ ചില സ്വതന്ത്ര എം.പി മാരും നോട്ടീസില്‍ ഒപ്പുവച്ചിട്ടുണ്ട്.