ഓപ്പറേഷന്‍ സിന്ദൂര്‍ പരാമര്‍ശം; കരണ്‍ ഥാപ്പറിനും സിദ്ധാര്‍ത്ഥ് വരദരാജനുമെതിരെ രാജ്യദ്രോഹ കേസ്
India
ഓപ്പറേഷന്‍ സിന്ദൂര്‍ പരാമര്‍ശം; കരണ്‍ ഥാപ്പറിനും സിദ്ധാര്‍ത്ഥ് വരദരാജനുമെതിരെ രാജ്യദ്രോഹ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th August 2025, 10:42 am

ഗുവാഹത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസില്‍ മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനെയും കരണ്‍ ഥാപ്പറിനെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് ഗുവാഹത്തി പൊലീസ്.

ഓഗസ്റ്റ് 22 ന് ഗുവാഹത്തി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുടെ പേരിലാണ് അസം പൊലീസ് കേസെടുത്തിരിക്കുന്നത്. ദി വയര്‍ സ്ഥാപക എഡിറ്ററാണ് സിദ്ധാര്‍ത്ഥ് വരദരാജന്‍.

‘നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് നിങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിനായി നിങ്ങളെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിന് പിന്നില്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് ഇതിനാല്‍ വെളിപ്പെടുത്തുന്നു,’ എന്നാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം കേസിനെക്കുറിച്ച് പൊലീസ് ഒരു വിവരവും മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല. കേസിനെക്കുറിച്ച് അറിയാനായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 14 നാണ് സിദ്ധാര്‍ത്ഥ് വരദരാജന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചത്. തിങ്കളാഴ്ചയാണ് കരണ്‍ ഥാപ്പറിന് നോട്ടീസ് കിട്ടിത്.

ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുകയോ നിബന്ധനകള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ അറസ്റ്റ് ചെയ്യുമെന്നും സമന്‍സില്‍ പറയുന്നുണ്ട്.

ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് ഇരുവര്‍ക്കും സമന്‍സ് അയച്ചത്, ബി.എന്‍.എസിന്റെ 152, 196, 197(1)(D)/3(6), 353, 45, 61 എന്നീ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കതിരെയാണ് ബി.എന്‍.എസിന്റെ 152ാം വകുപ്പ് ചുമത്താറ്.

Content Highlight: Guwahati police summon journalists Siddharth Varadarajan and Karan Thapar in sedition case