കൊല്‍ക്കത്ത: ഗുവാഹത്തി-ബിക്കാനീര്‍ എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. പശ്ചിമ ബംഗാള്‍ ദോമോഹനിക്ക് സമീപമാണ് പാളംതെറ്റിയത്. പട്‌നയില്‍ നിന്നും വരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതുവരെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

ദൊമോഹനിക്കും ന്യൂ മൈനാഗോരിക്കും ഇടയിലാണ് അപകടം നടന്നത്. ന്യൂ ദൊമോഹനി സ്റ്റേഷനിൽ നിന്ന് വൈകീട്ട് 4.53 ന് പുറപ്പെട്ട ട്രെയിൻ അധികം വൈകാതെ അപകടത്തിൽപെടുകയായിരുന്നു. നാട്ടുകാരും സുരക്ഷാ വിഭാഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.
അപകടം നടക്കുമ്പോള്‍ ട്രെയിന്‍ അമിത വേഗതയിലായിരുന്നില്ല. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ മാത്രമായിരുന്നു ട്രെയിനിന്റെ വേഗത. ബോഗികള്‍ തമ്മില്‍ കൂട്ടിയിടിച്ചതിന് ശേഷം മറിയുകയായിരുന്നുവെന്ന് ദൃസാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.


