തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര കലാപുരസ്‌കാരം പ്രശസ്ത പഞ്ചവാദ്യം-തിമില കലാകാരന്‍ പെരിങ്ങോട് ചന്ദ്രന്.
55,555 രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത 10 ഗ്രാം സ്വര്‍ണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. പഞ്ചവാദ്യ കലാമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭവനയ്ക്കാണ് അംഗീകാരം.
അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 14ന് വൈകുന്നേരം അഞ്ച് മണിക്ക് മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കാനിരിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പുരസ്‌കാരം കൈമാറും.
ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പ്രശസ്ത വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, ഡോ. ടി.കെ. നാരായണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാപുരസ്‌കാര നിര്‍ണയ സമിതിയാണ് പെരിങ്ങോട് ചന്ദ്രനെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തതെന്ന് ദേവസ്വം അറിയിച്ചു.
പാലക്കാട് പെരിങ്ങോട് ചാഴിക്കാട്ടിരി മതുപ്പുള്ളി സ്വദേശിയാണ് ചന്ദ്രന്‍. 2020-2021ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല അവാര്‍ഡ്, 2003ല്‍ അംബേദ്കര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ പെരിങ്ങോട് ചന്ദ്രന്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പ് നേടിയിട്ടുണ്ട്. 2017 മുതല്‍ കേരള കലാമണ്ഡലത്തില്‍ വിസിറ്റിങ്ങ് പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. നിലവില്‍ 1990 മുതല്‍ ക്ഷേത്ര കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാരമാണ് പെരിങ്ങോട് ചന്ദ്രനെ തേടിയെത്തിയത്.
ഗുരുവായൂര്‍ ദേവസ്വം പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ അശോകന്‍ ചെരുവില്‍ പെരിങ്ങോട് ചന്ദ്രന് അഭിനന്ദങ്ങള്‍ അറിയിച്ചു.
‘സത്യത്തില്‍ ഈ പുരസ്‌കാരം നല്‍കുക വഴി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സാമൂഹ്യ ചരിത്രഗതിക്ക് സര്‍ഗാത്മകമായ വഴിത്തിരിവുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്,’ അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അസാമാന്യ വാദ്യകലാപ്രതിഭയായിട്ടും കേരളത്തിലെ സവര്‍ണ മേധാവിത്ത കേന്ദ്രങ്ങളില്‍ നിന്നും ജാതിയുടെ പേരില്‍ നിരന്തരമായ അവഗണനയും ആക്രമണവും നേരിട്ടയാളാണ് പെരിങ്ങോട് ചന്ദ്രനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പല മഹാക്ഷേത്രങ്ങളുടെ ഗോപുരപ്പടികളിൽ അദ്ദേഹത്തിന്റെ കണ്ണീര്‍ വീണ പാടുണ്ടെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു.