എഡിറ്റര്‍
എഡിറ്റര്‍
‘ഗോഡ്ഫാദറിന്’ കയ്യടിച്ചവര്‍ ആ പെണ്‍കുട്ടിയെ എന്തിന് ക്രൂശിക്കുന്നു; ഗുരുവായൂരിലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി ഹിമാ ശങ്കര്‍
എഡിറ്റര്‍
Thursday 3rd August 2017 9:53am

തൃശൂര്‍: ഗുരുവായൂരില്‍ നടന്ന താലികെട്ടിന് ശേഷം കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ക്ക് മറുപടിയുമായി യുവനടി ഹിമാശങ്കര്‍.

‘മുകേഷും കനകയും എന്‍.എന്‍ പിള്ളയും ഫിലോമിനയും തിലകനും തകര്‍ത്തഭിനയിച്ച ‘ഗോഡ്ഫാദര്‍’ എന്ന സിനിമയോട് യോജിക്കാമെങ്കില്‍ കാമുകന്റെ കൂടെ വിവാഹ പന്തലില്‍ നിന്നു പോയ ആ കൊച്ചിനോടും യോജിക്കാം. ‘കേറി വാടാ മക്കളെ കേറി വാ, അച്ഛനാടാ പറയുന്നേ’ എന്നാണ് താരത്തിന്റെ പോസ്റ്റ്.

ഗുരുവായൂരില്‍വെച്ച് ഞായറാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. താലികെട്ടു കഴിഞ്ഞതിനു പിന്നാലെ പെണ്‍കുട്ടി വരന്റെ ചെവിയില്‍ കാമുകന്‍ വന്നിട്ടുണ്ടെന്നും അവനൊപ്പം പോകുമെന്ന് അറിയിച്ചെന്നും തുടര്‍ന്ന് വരന്‍ രോഷാകുലനായെന്നും ഇത് വലിയ അടിപിടിക്കു വഴിവെച്ചെന്നുമായിരുന്നു വാര്‍ത്ത. തുടര്‍ന്ന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയശേഷം വരന്‍ വിവാഹബന്ധത്തില്‍ പിന്മാറുകയാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.


Dont Miss പ്രണയബന്ധം വീട്ടുകാരെയും വരനെയും മുമ്പേ അറിയിച്ചിരുന്നു; ഗുരുവായൂരില്‍ കാമുകനൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ അറിയാന്‍


വാര്‍ത്ത സോഷ്യല്‍ മീഡിയകളിലടക്കം വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ഇതോടെ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും അവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചും ‘തേപ്പുകാരി’യെന്നു വിളിച്ച് അധിക്ഷേപിച്ചും മറ്റും നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

വീട്ടുകാരോടും വരനോടും പ്രണയബന്ധത്തിന്റെ കാര്യം മറച്ചുവെച്ച് പെണ്‍കുട്ടി ചതിച്ചെന്നും ‘കല്ല്യാണ വേളയില്‍ ലഭിക്കുന്ന സ്വര്‍ണവുമായി മുങ്ങാനാണ്’ ഇത്തരത്തില്‍ ചെയ്തതെന്നുമൊക്കെ പറഞ്ഞായിരുന്നു അധിക്ഷേപം.

വിവാഹം മുടങ്ങിയതിനു പിന്നാലെ വരന്റെ വീട്ടില്‍ നടത്തിയ ആഘോഷവും സോഷ്യല്‍ മീഡിയ പെണ്‍കുട്ടിയെ ആക്രമിക്കുന്നതായി ഉപയോഗിച്ചിരുന്നു. ‘ആ ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ സന്തോഷത്തിന്’ എന്ന തലക്കെട്ടില്‍ വരന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത റിസപ്ഷന്റെ ഫോട്ടോകളും പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ സോഷ്യല്‍ മീഡിയ വലിയ തോതില്‍ ഉപയോഗിച്ചിരുന്നു.

എന്നാല്‍ കേട്ടവാര്‍ത്തകളൊന്നുമല്ല സത്യമെന്നും യഥാര്‍ത്ഥ അവസ്ഥ എന്തെന്നും തുറന്നുകാട്ടി പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും മറ്റും രംഗത്തുവന്നിരുന്നു.

പ്രണയബന്ധമുള്ള കാര്യം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് ഇക്കാര്യം വരനെയും അറിയിച്ചിരുന്നെങ്കിലും ‘നീ പഴയ കാര്യം മറന്നേക്ക്’ എന്ന രീതിയിലായിരുന്നു വരന്റെ പ്രതികരണമെന്നും വ്യ്ക്തമാക്കി പെണ്‍കുട്ടിയും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

Advertisement