ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വെടിവെപ്പ്
India
ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വെടിവെപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th August 2025, 10:18 am

കിഷ്ത്വാര്‍: ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ദുല്‍ പ്രദേശത്ത് ഇന്ന് (ഞായറാഴ്ച) രാവിലെ സൈന്യവും തീവ്രവാദികളും തമ്മില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്‌സാണ് ഈ കാര്യം അറിയിച്ചത്.

രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗമായി ഒരു ഓപ്പറേഷന്‍ നടക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നതെന്നും ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന് സംശയിക്കുകയായിരുന്നു. പിന്നീട് ഓപ്പറേഷനിടെ അവരെ കണ്ടെത്തുകയും ഏറ്റുമുട്ടല്‍ നടക്കുകയുമായിരുന്നു.

സംഭവ സ്ഥലത്ത് നിലവില്‍ ശക്തമായ വെടിവെപ്പ് നടക്കുന്നതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു കുല്‍ഗാം ജില്ലയില്‍ നടന്ന വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്. ലാന്‍സ് നായിക് പ്രീത്പാല്‍ സിങ്, ശിപായി ഹര്‍മീന്ദര്‍ സിങ് എന്നിവര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്.

സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് കിഷ്ത്വാറില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വെടിവെപ്പ് നടന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. കുല്‍ഗാം ജില്ലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒമ്പത് മുതല്‍ സൈന്യം ഓപ്പറേഷന്‍ അഖല്‍ എന്ന പേരില്‍ ഓപ്പറേഷന്‍ നടത്തി വരികയായിരുന്നു.

Content Highlight: Gunfight breaks out in Jammu and Kashmir’s Kishtwar between terrorist and indian army