'ഫലസ്തീന് വേണ്ടി സംസാരിച്ചവന്‍'; ഔട്ടായ റിസ്വാന് നേരെ ജയ് ശ്രീറാം വിളിച്ച് ഗുജറാത്ത് ക്രൗഡ്; വിമര്‍ശനം
icc world cup
'ഫലസ്തീന് വേണ്ടി സംസാരിച്ചവന്‍'; ഔട്ടായ റിസ്വാന് നേരെ ജയ് ശ്രീറാം വിളിച്ച് ഗുജറാത്ത് ക്രൗഡ്; വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th October 2023, 11:42 pm

ഐ.സി.സി വേള്‍ഡ് കപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ വിജയം ആഘോഷിച്ചിരുന്നു. 117 പന്തും ഏഴ് വിക്കറ്റും കയ്യിരിക്കവെയാണ് ഇന്ത്യ വിജയിച്ചത്. ലോകകപ്പിലെ ഹെഡ് ടു ഹെഡ് പോരാട്ടത്തില്‍ ഇതോടെ 8-0ന്റെ ലീഡ് നേടാനും ഇതോടെ ഇന്ത്യക്കായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 191 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ബാബര്‍ അസവും അര്‍ധ സെഞ്ച്വറിക്ക് തൊട്ടടുത്ത് കാലിടറി വീണുപോയ മുഹമ്മദ് റിസ്വാനുമാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

58 പന്തില്‍ 50 ബാബറിനെ മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ 69 പന്തില്‍ 49 റണ്‍സ് നേടി നില്‍ക്കവെ ജസ്പ്രീത് ബുംറയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് റിസ്വാന്‍ മടങ്ങിയത്.

ഔട്ടായ റിസ്വാന്‍ തിരികെ പാക് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഔട്ടായി മടങ്ങവെ ജയ് ശ്രീറാം എന്ന് ആക്രോശിച്ചാണ് ഗുജറാത്ത് ക്രൗഡ് ഡ്രസ്സിങ് റൂമിലേക്ക് മടക്കിയയച്ചത്. നിരവധി സംഘ്, വലത് പ്രൊഫൈലുകള്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാല ഈ ഇന്നിങ്‌സ് ഗാസയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു എന്ന റിസ്വാന്റെ കമന്റിന് പിന്നാലെയാണ് ഗുജറാത്ത് ക്രൗഡിന്റെ നടപടിയെന്നതും ശ്രദ്ധേയമണ്. റിസ്വാന്റെ ഫലസ്തീന്‍ അനുകൂല നിലപാടുകളടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നതും.

അതേസമയം, ഈ സംഭവത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

ബാബറിന്റെയും റിസ്വാന്റെയും കരുത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്കായി.

ബംഗ്ലാദേശിനെതിരായാണ് ഇന്ത്യ തങ്ങളുടെ നാലാം മത്സരം കളിക്കാന്‍ ഒരുങ്ങുന്നത്. ഒക്ടോബര്‍ 19ന് നടക്കുന്ന മത്സരത്തിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

ഒക്ടോബര്‍ 20നാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.

 

 

Content Highlight: Gujarat crowd chants Jai Sriram against Muhammad Rizwan after his dismissal