ഗുജറാത്തില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ 'രാഹുലിന്റെ തന്ത്രങ്ങള്‍'; തെരഞ്ഞെടുപ്പിന് മുമ്പ് കൂടിക്കാഴ്ച നടത്താന്‍ നേതാക്കള്‍
National Politics
ഗുജറാത്തില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ 'രാഹുലിന്റെ തന്ത്രങ്ങള്‍'; തെരഞ്ഞെടുപ്പിന് മുമ്പ് കൂടിക്കാഴ്ച നടത്താന്‍ നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2022, 8:55 am

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഗുജറാത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയാനാണ് രാഹുലുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്.

നിയമസഭാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാന്‍ രാഹുല്‍ ഗാന്ധിയെ കാണണമെന്ന് ആവശ്യപ്പെട്ടതായി ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പറഞ്ഞു.

1998 മുതല്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരായുള്ള ഭരണവിരുദ്ധ നീക്കം കണക്കിലെടുക്കണമെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണണമെന്നും ശക്തമായി പോരാടണമെന്നും നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് കത്തില്‍ ആവശ്യപ്പെട്ടു.

‘നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” കത്തില്‍ ഒപ്പിട്ട എം.എല്‍.എമാരിലൊരാള്‍ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയമായാണ് പരാജയപ്പെട്ടത്. ഒരു സംസ്ഥാനത്ത് പോലും വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. അധികാരത്തിലിരുന്നിരുന്ന പഞ്ചാബിലും പാര്‍ട്ടി പുറത്തായി. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. പരാജയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ദല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്.

ഇനി ത്രിപുരയിലും ഗുജറാത്തിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും ജയിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

 

Content Highlights: Gujarat Cong. legislators want meeting with Rahul Gandhi