കൊവിഡ് നെഗറ്റീവായ ആഹ്ലാദത്തില്‍ അമ്പലത്തില്‍ മാസ്‌കില്ലാതെ നൃത്തം ചെയ്ത് ഗുജറാത്ത് ബി.ജെ.പി എം.എല്‍.എ
national news
കൊവിഡ് നെഗറ്റീവായ ആഹ്ലാദത്തില്‍ അമ്പലത്തില്‍ മാസ്‌കില്ലാതെ നൃത്തം ചെയ്ത് ഗുജറാത്ത് ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th September 2020, 3:50 pm

അഹമ്മദാബാദ്: വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയനായ ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ മധു ശ്രീവാസ്തവ് വീണ്ടും വിവാദത്തില്‍. കൊവിഡ് നെഗറ്റീവായ ആഹ്ലാദത്തില്‍ അമ്പലത്തില്‍ ആളുകള്‍ക്കിടയില്‍ മാസ്‌കില്ലാതെയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും നൃത്തം ചെയ്തതിനെ തുടര്‍ന്നാണ് ബി.ജെ.പി എം.എല്‍.എ ഇക്കുറി വീണ്ടും വിവാദത്തില്‍പ്പെട്ടത്.

വഡോദരയിലെ ഗജ്രവാഡി അമ്പലത്തിനുള്ളില്‍ വെച്ചാണ് ബി.ജെ.പി അനുയായികള്‍ക്കൊപ്പം അദ്ദേഹം നൃത്തം ചെയ്തത്.

ശ്രീവാസ്തയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നത്.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ തന്റേതാണെന്നും 45 ദിവസമായി അമ്പലത്തില്‍ പോകാത്തതിനാലാണ് പോയതെന്നും ശ്രീവാസ്തവ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. താന്‍ ഒരു പ്രേട്ടോക്കോളും ലംഘിച്ചിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

അമ്പലം തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അമ്പലത്തിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നും ശ്രീവാസ്ത പ്രതികരിച്ചു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ തയ്യാറായില്ല.

രാജ്യത്ത് കൊവിഡ് കേസുകള്‍ അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ എം.എല്‍.എ തന്നെ എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും ലംഘിച്ച് മാസ്‌ക് പോലും ഇല്ലാതെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നത് ബി.ജെ.പിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് കാണിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

കൊവിഡ ബാധിച്ച് ആശുപത്രിയില്‍ കഴിയവെ താന്‍ ബാഹുബലിയാണെന്നും കൊറോണ വൈറസിനെ പൊരുതി തോല്‍പ്പിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Gujarath Bjp mla recovered from covid dances