പുതിയ തലമുറയില്‍ ഉള്ളവര്‍ക്കുപോലും എന്റെ ആ സിനിമയോട് ഒരു ഇഷ്ടമുള്ളതായി തോന്നിയിട്ടുണ്ട്: ഗിന്നസ് പക്രു
Malayalam Cinema
പുതിയ തലമുറയില്‍ ഉള്ളവര്‍ക്കുപോലും എന്റെ ആ സിനിമയോട് ഒരു ഇഷ്ടമുള്ളതായി തോന്നിയിട്ടുണ്ട്: ഗിന്നസ് പക്രു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th September 2025, 3:29 pm

 

വിനയന്റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ സിനിമയാണ് അത്ഭുതദ്വീപ്. ഗിന്നസ് പക്രുവിന്റെ അഭിനയ ജീവിതത്തിലെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു അത്ഭുതദ്വീപ്. സിനിമയിലെ പ്രകടനത്തിന് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അദ്ദേഹം അര്‍ഹനായിരുന്നു.

പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം. സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ പക്രു. സംവിധായകന്‍ വിനയന്‍സാര്‍ തന്നെയാണ് അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറയുന്നു.

‘സാര്‍ പറഞ്ഞൊരു കാര്യം ഇതുവരെ നടക്കാതിരുന്നിട്ടില്ല. അതുകൊണ്ട് അത്ഭുതദ്വീപ് 2 സംഭവിക്കും. സിനിമയുടെ മുന്നൊരുക്കങ്ങള്‍ കുറച്ച് കൂടുതലായതിനാല്‍ എന്ന്, എപ്പോള്‍ എന്നത് മാത്രമേ അറിയാനുള്ളൂ. ഞങ്ങളെല്ലാവരും സിനിമയുടെ പുതിയ അപ്‌ഡേഷനായി കാത്തിരിക്കുകയാണ്. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗത്തിനായി ആളുകള്‍ കാത്തിരിക്കുന്നത് കാണുമ്പോള്‍ ത്രില്ലാണ് തോന്നുന്നത്,’ ഗിന്നസ് പക്രു പറയുന്നു.

അന്നത്തെ പരിമിതിക്കുള്ളില്‍, ഒരു വലിയ ക്യാന്‍വാസില്‍ കുറെ ആളുകളെ പങ്കെടുപ്പിച്ച് അന്നത്തെ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ച വലിയ ചിത്രമായിരുന്നു അത്ഭുതദ്വീപെന്നും സാമൂഹികമാധ്യമങ്ങളില്‍ അതിലെ പാട്ടുകളും സീനുകളും ഉപയോഗിച്ച് ചെയ്ത പല റീലുകളും പലരും എനിക്കിപ്പോഴും അയച്ചു തരാറുണ്ടെന്നും അദ്ദേഹം പറയുന്നു. 2k കിഡ്‌സ് എന്നുപറയുന്ന പുതിയ തലമുറയില്‍ ഉള്ളവര്‍ക്കുപോലും ഈ സിനിമയോട് ഒരു ഇഷ്ടമുള്ളതായി തോന്നിയിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ആ സിനിമ എങ്ങനെയായിരിക്കും, എന്തായിരിക്കും എന്നതെല്ലാം സാറിന്റെ മനസില്‍ മാത്രമാണുള്ളത്. അത് എങ്ങനെയായിരിക്കും എന്നറിയാനുള്ള ത്രില്ലുമുണ്ട്. നമുക്കൊക്കെ ഊര്‍ജം തരുന്ന തരത്തിലാണ് വിനയന്‍ സാറിന്റെ സംവിധാനരീതി. നമുക്കില്ലാത്ത ആത്മവിശ്വാസം ഉണ്ടാക്കിത്തരുന്ന മോട്ടിവേഷന്‍ ലൈന്‍ ആണ് അദ്ദേഹത്തിന്റേത്. പുതിയ കാലത്തെ ടെക്‌നോളജി ഉപയോഗപ്പെടുത്തി, പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ, സാര്‍ ഒരുക്കുമെന്ന് തന്നെയാണ് വിശ്വാസം,’ പക്രു പറഞ്ഞു.

Content highlight: Guinness Pakru talks about the movie The second part of Athbhutha Dweepu