ജി.എസ്.ടി നിരക്ക് കുറച്ചത് ഉപഭോഗം വര്‍ദ്ധിപ്പിക്കും; ഇരട്ടി തീരുവ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടി: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
India
ജി.എസ്.ടി നിരക്ക് കുറച്ചത് ഉപഭോഗം വര്‍ദ്ധിപ്പിക്കും; ഇരട്ടി തീരുവ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടി: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th September 2025, 9:42 am

ന്യൂദൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഇരട്ടി തീരുവ രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് വെല്ലുവിളിയാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ.

ഇതിന്റെ പ്രതിഫലനം നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം, മൂന്നാം പാദങ്ങളിൽ അനുഭവപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ താരിഫ് നടപടി താൽക്കാലികമായിരിക്കുമെന്നും മറുവശത്ത് നിന്ന് ചില പുനക്രമീകരണം സംഭവിക്കുമെന്നും ഉപദേഷ്ടാവ് പറഞ്ഞു.

നിലവിലെ സമീപനം ദീർഘകാലാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജി.എസ്.ടി നിരക്കുകൾ കുറച്ചത് രാജ്യത്തെ ഉപഭോഗം വർധിപ്പിക്കുമെന്ന് അനന്ത നാഗേശ്വരൻ പറഞ്ഞു. ബുധനാഴ്ച മുബൈയിൽ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച എക്സ്പ്രസ് അഡ്ഡയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷം ഓഗസ്റ്റ് വരെയുള്ള ആദ്യ നാല് ദിവസങ്ങളിൽ താരിഫ് ഇല്ലാതെയാണ് കയറ്റുമതി നടന്നത്. അതിനാൽ 25 ശതമാനം അധിക താരിഫിന്റെ സ്വാധീനം ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കാണാമെന്നും, താരിഫിൽ നിന്ന് ഒഴിവാക്കിയതും താരിഫ് ബാധിച്ചതുമായ മേഖലകളെക്കുറിച്ചുള്ള കണക്കുകൾ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം യഥാർത്ഥ ജി.ഡി.പിയിൽ 0.3 ശതമാനം മുതൽ 0.5 ശതമാനം വരെ കുറവ് ഉണ്ടാകാമെന്ന് അനന്ത നാഗേശ്വരൻ അഭിപ്രായപ്പെട്ടു. 2025 ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യത്തിന്റെ ജി.ഡി.പി 7.8 ശതമാനം ഉയർന്ന് അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) 2026 സാമ്പത്തിക വർഷത്തിലെ യഥാർത്ഥ ജി.ഡി.പി വളർച്ച 6.5 ശതമാനമായി പ്രവചിച്ചിട്ടുണ്ട്.

അതിനാൽ, ഈ സാഹചര്യം മാറ്റമില്ലാതെ തുടരുകയാണെങ്കിൽ 25 ശതമാനം അധിക താരിഫിന്റെ മുഴുവൻ ആഘാതവും അടുത്ത സാമ്പത്തിക വർഷത്തിൽ അനുഭവപ്പെടുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞു.

അടുത്ത സാമ്പത്തിക വർഷം ഇതുപോലെ തുടരുകയാണെങ്കിൽ, തൊഴിലിന്റെയും ജി.ഡി.പി വളർച്ചയുടെയും കാര്യത്തിൽ ഇത് ഒരു വലിയ വെല്ലുവിളിയായിരിക്കും.

ഇന്ത്യയിൽ ഉയർന്ന താരിഫ് ഏർപ്പെടുത്തിയത് ആഗ്രഹിച്ച ഫലം നൽകുന്നില്ലെന്നും അത് വിപരീതഫലമുണ്ടാക്കുന്നുണ്ടെന്നും യു.എസ് മനസിലാക്കിത്തുടങ്ങിയെന്ന് ഉപദേഷ്ടാവ് പറഞ്ഞു. അധിക താരിഫ് ദീർഘകാലം നിലനിൽക്കില്ലെന്ന ശുഭാപ്തിവിശ്വാസമായി അദ്ദേഹം പറയുന്നു.

കഴിഞ്ഞ 20 വർഷത്തിനിടെ യു.എസിൽ നിന്നുള്ള ഇന്ധന, പ്രതിരോധ ഉൽപ്പന്നങ്ങളുടെ വാങ്ങലുകളിലും, യു.എസിലെ ഇന്ത്യൻ ബിസിനസുകളുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും ഇന്ത്യയ്ക്ക് വർദ്ധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താരിഫുകൾക്ക് മറുപടി നൽകുന്നതിനു പകരം ഇന്ത്യ നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: GST rate cut will boost consumption; double taxation will hurt economic growth: Chief Economic Advisor