തൃശൂര്‍: ദേശീയപാതയില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പുകള്‍ സംസ്ഥാനം അവഗണിച്ചുവെന്ന വാദങ്ങള്‍ തള്ളി റവന്യൂ മന്ത്രി കെ. രാജന്‍. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ അതത് സമയം നാഷണല്‍ അതോറിറ്റിക്ക് കൈമാറിയിരുന്നതായി മന്ത്രി കെ. രാജന്‍ പറഞ്ഞു.
പ്രസ്തുത റിപ്പോര്‍ട്ടുകളില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കരാര്‍ കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാലായിരിക്കാമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മഴ ശക്തമായതോടെ ദേശീയപാതയുടെ നിര്‍മാണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും ആശങ്ക തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കേടുപാടുകളുണ്ടായ സംഭവത്തില്‍ ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
കേരളത്തില്‍ ഒട്ടും സന്തോഷം നല്‍കുന്ന കാര്യമല്ല ഇപ്പോള്‍ സംഭവിച്ചതെന്നും നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത തകരാനുള്ള കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചോയെന്നും കോടതി ചോദിച്ചിരുന്നു.
പിന്നാലെ നിര്‍മാണത്തിനിരിക്കെ ദേശീയപാതയില്‍ കേടുപാടുകളുണ്ടായതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. നിര്‍മാണത്തിലെ അപാകതയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്ത് ദിവസത്തെ സമയം വേണമെന്നാണ് എന്‍.എച്ച്.എ.ഐ ആവശ്യപ്പെട്ടത്.
തകരാറുണ്ടായ സ്ഥലത്ത് നിര്‍മാണം നടത്തിയ കരാറുകാരനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്നും എന്‍.എച്ച്.എ.ഐ ഹൈക്കോടതിയെ അറിയിച്ചു. സീപേജ് വാട്ടര്‍ ഇറങ്ങുന്നതാണ് നിര്‍മാണത്തിലിരിക്കേ തന്നെ ദേശീയപാത തകരാനുള്ള കാരണമെന്നാണ് എന്‍.എച്ച്.എ.ഐയുടെ പ്രാഥമിക വിലയിരുത്തല്‍. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു
കൊച്ചിയിലെ റോഡുകള്‍ സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി ദേശീയപാത നിര്‍മാണത്തിലുണ്ടായ തകരാറിനെ കുറിച്ച് വിശദീകരണം തേടിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അതേസമയം സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതമാണെന്നും മന്ത്രി അറിയിച്ചു. മെയ് 27ന് മുന്നോടിയായി തന്നെ മണ്‍സൂണ്‍ സംസ്ഥാനത്തെത്തുമെന്നും നിലവില്‍ സംസ്ഥാനത്ത് മണ്‍സൂണ്‍ കാറ്റിന്റെ സാന്നിധ്യമുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇന്ന് (ശനി) ഉച്ചയ്ക്ക് രണ്ട് മണിയോടെ എല്ലാ ജില്ലാ കളക്ടര്‍മാരെയും ഉള്‍പ്പെടുത്തിയുള്ള യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ സംബന്ധിച്ച് ആരും തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും യഥാസമയം വിവരങ്ങള്‍ അറിയിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുന്നത് അടക്കമുള്ള നിയമനടപടികള്‍ ഉണ്ടാകുമെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കവചം എന്ന സംവിധാനം സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യത്ത മഴക്കാലമാണ് ഇതെന്നും സൈറണ്‍ ഉള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: GSA reports have been submitted to the National Authority on time; Minister K. Rajan’s response amid criticism