വിവാഹത്തിന് സ്വര്‍ണം ധരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരന്റെ കുടുംബം, കല്യാണത്തില്‍ നിന്നും പിന്മാറി വധു, വരന്റെ കുടുംബത്തിനെതിരെ പരാതി
Kerala News
വിവാഹത്തിന് സ്വര്‍ണം ധരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വരന്റെ കുടുംബം, കല്യാണത്തില്‍ നിന്നും പിന്മാറി വധു, വരന്റെ കുടുംബത്തിനെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th May 2025, 1:13 pm

ആലപ്പുഴ: വിവാഹദിനത്തില്‍ വധു മണ്ഡപത്തിലെത്തുമ്പോള്‍ സ്വര്‍ണം ധരിക്കണമെന്ന വരന്റെ വീട്ടുകാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് കല്യാണത്തില്‍ നിന്നും പിന്മാറിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി വധുവിന്റെ അമ്മ. ആലപ്പുഴ കരീലക്കുളങ്ങര പൊലീസിലാണ് പരാതി നല്‍കിയത്.

വരന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തത് കാരണമാണ് വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് കാണിച്ചാണ് വധുവിന്റെ അമ്മയുടെ പരാതി. ഹല്‍ദി ചടങ്ങ് ദിവസമാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

ഹല്‍ദി ആഘോഷ ദിവസത്തില്‍ വരന്റെ വീട്ടുകാരെത്തി വധു സ്വര്‍ണം ധരിക്കണമെന്നും സ്വര്‍ണം അണിയിച്ച് വിവാഹത്തിന് ഇറങ്ങിയില്ലെങ്കില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

വിവാഹദിവസം സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ധരിക്കാന്‍ വരന്റെ വീട്ടുകാര്‍ വിസമ്മതിച്ചെന്നും വിരുന്നുകാരുടെ മുന്നില്‍ നിന്നും ആക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.

ആത്മഹത്യ ഭീഷണിയുയര്‍ത്തിയതിന് പിന്നാലെ ഹല്‍ദി ആഘോഷം നിര്‍ത്തിവെക്കുകയും പിന്നാലെ പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന് അറിയിക്കുകയുമായിരുന്നു.

15 പവന്‍ ആഭരണങ്ങള്‍ വധുവിനെ അണിയിക്കുമെന്ന് നേരത്തെ തന്നെ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ നിശ്ചയ ദിവസം സ്വര്‍ണത്തിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്നും വധുവിന്റെ കുടുംബം പറഞ്ഞു.

കല്യാണാവശ്യത്തിനായി തങ്ങളുടെ കൈയില്‍ നിന്നും 50,000 രൂപയും നാല് പവന്‍ സ്വര്‍ണവും വാങ്ങിയിരുന്നുവെന്നും കുടുംബം പറയുന്നു. കല്യാണത്തില്‍ നിന്നും പിന്മാറിയതിനാല്‍ ഇവയും ചെലവായ തുകയും തിരിച്ച് വാങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വധുവിന്റെ കുടുംബം പറഞ്ഞു.

Content Highlight: Groom’s family threatens to commit suicide if he doesn’t wear gold for wedding, bride withdraws from wedding, files complaint against groom’s family