ദേഷ്യം നിയന്ത്രിക്കാനുള്ള ക്ലാസുകളില്‍ പങ്കെടുക്കൂ; ഗ്രേറ്റ തന്‍ബര്‍ഗിനെതിരെ പരിഹാസവുമായി ട്രംപ്
World News
ദേഷ്യം നിയന്ത്രിക്കാനുള്ള ക്ലാസുകളില്‍ പങ്കെടുക്കൂ; ഗ്രേറ്റ തന്‍ബര്‍ഗിനെതിരെ പരിഹാസവുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th June 2025, 11:28 am

വാഷിങ്ടണ്‍: പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെതിരെ പരിഹാസവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രഈലിന്റെ കസ്റ്റഡിയിലുള്ള ഗ്രെറ്റയ്ക്ക് എന്തെങ്കിലും സന്ദേശം കൊടുക്കാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ഗ്രെറ്റ തന്‍ബര്‍ഗിനോട് ദേഷ്യം നിയന്ത്രിക്കാനുള്ള ക്ലാസുകളില്‍ പങ്കെടുക്കാന്‍ ട്രംപ് നിര്‍ദേശിച്ചത്.

ഗ്രെറ്റ തന്‍ബര്‍ഗിനെ തട്ടിക്കൊണ്ടുപോകുന്നതിന് പുറമെ ഇസ്രഈലിന് മതിയായ പ്രശ്നങ്ങളുണ്ടെന്ന് താന്‍ കരുതുന്നതായും ട്രംപ് പ്രതികരിച്ചു.

‘അവള്‍ ഒരു വിചിത്ര വ്യക്തിയാണ്, ചെറുപ്പവുമാണ്. എന്നാല്‍ ദേഷ്യക്കാരിയുമാണ്. അത് യഥാര്‍ത്ഥ ദേഷ്യമാണോ എന്ന് എനിക്കറിയില്ല; വിശ്വസിക്കാന്‍ പ്രയാസമാണ്. അവള്‍ തീര്‍ച്ചയായും വ്യത്യസ്തയാണ്. അവള്‍ ദേഷ്യം നിയന്ത്രിക്കാനുള്ള ക്ലാസില്‍ പോകണമെന്ന് ഞാന്‍ കരുതുന്നു. അതാണ് അവള്‍ക്കുള്ള എന്റെ ആദ്യ ഉപദേശം,’ ട്രംപ് പറഞ്ഞു

ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട ഗ്രെറ്റ തന്‍ബര്‍ഗടക്കമുള്ള ആക്ടിവിസ്റ്റുകളുടെ സംഘം ഇപ്പോള്‍ ഇസ്രഈലിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയക്കാനുള്ള ശ്രമത്തിലാണ് ഇസ്രഈല്‍. തിരികെ പോവാത്തവരെ കോടതിയില്‍ ഹാജരാക്കും.

ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ ഗ്രെറ്റ പുറത്ത് വിട്ട വീഡിയോയില്‍ തങ്ങളെ ഇസ്രഈല്‍ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തിയിരുന്നു. ആ വീഡിയോ കാണുന്ന തന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഖാക്കളോടും തന്റെയും മറ്റുള്ളവരുടേയും മോചനത്തിനായി സ്വീഡിഷ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഗ്രെറ്റ ആവശ്യപ്പെട്ടിരുന്നു.

ജൂണ്‍ ഒന്നിനാണ് ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ നിന്ന് ഗസയിലേക്കുള്ള സഹായഹസ്തവുമായി ഫ്രീഡം ഫ്ലോട്ടില്ലയുടെ മാഡ്ലിന്‍ എന്ന കപ്പലിലാണ് ഗ്രെറ്റയടക്കമുള്ള സംഘം പുറപ്പെട്ടത്. ബേബി ഫുഡ്, അരി, ഡയപ്പറുകള്‍, സാനിറ്ററി നാപ്കിനുകള്‍, മെഡിസിനുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത്.

ഗസയിലെ ഇസ്രഈല്‍ ഉപരോധം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് യാത്രതിരിച്ച ഫ്രീഡം ഫ്ലോട്ടില്ല കപ്പല്‍ ഇസ്രഈല്‍ തടയുകയായിരുന്നു.

ഗ്രെറ്റ തെന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള കപ്പലിലെ സഹായസംഘത്തെ പുലര്‍ച്ചെ രണ്ട് മണിയോടെ സൈന്യം പിടിച്ചെടുത്തതത്. കപ്പലിലെ സന്നദ്ധപ്രവര്‍ത്തകരും ജീവനക്കാരും ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കൈകള്‍ ഉയര്‍ത്തിയിരിക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു.

ഫ്രീഡം ഫ്ലോട്ടില്ല കപ്പലിനെ തടയാന്‍ ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് സൈന്യത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.

Content Highlight: Greta Thunberg should take anger management classes says Donald Trump