ജെറുസലേം: ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയില്‍ നിന്നും ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകള്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത ക്രൂരതകളെന്ന് വെളിപ്പെടുത്തല്‍.
മതിയായ ഭക്ഷണമോ വെള്ളമോ മരുന്നോ നല്‍കാതെ കഷ്ടപ്പെടുത്തിയെന്നും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പടെയുള്ളവരെ വൃത്തിഹീനമായ ചുറ്റുപാടില്‍ താമസിപ്പിച്ചെന്നുമാണ് ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തിയത്.
തുര്‍ക്കിയിലേക്ക് നാടുകടത്തപ്പെട്ട സാമൂഹിക പ്രവര്‍ത്തകരാണ് തങ്ങള്‍ അനുഭവിച്ച ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞദിവസമാണ് ഇസ്രഈല്‍ ഫ്‌ളോട്ടില്ലയില്‍ നിന്നും കസ്റ്റഡിയിലെടുത്ത 137 ആക്ടിവിസ്റ്റുകളെ തുര്‍ക്കിയിലേക്ക് നാടുകടത്തിയത്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിലേക്കാണ് ആക്ടിവിസ്റ്റുകള്‍ എത്തിയത്.
ഗ്രെറ്റ തെന്‍ബര്‍ഗിനോട് വളരെ മോശമായാണ് ഇസ്രഈല്‍ സേന പെരുമാറിയതെന്ന് തുര്‍ക്കിയിലെത്തിയ രണ്ട് ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തി. ഇസ്രഈലിന്റെ പതാക ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തെന്‍ബര്‍ഗിനെ സൈന്യം നിര്‍ബന്ധിച്ചു. അവരുടെ മുടിയില്‍ പിടിച്ചുതള്ളുകയും ചെയ്‌തെന്ന് മലേഷ്യന്‍ പൗരനായ ഹസ്വാനി ഹെല്‍മിയും യു.എസില്‍ നിന്നുള്ള വിന്‍ഡ്ഫീല്‍ഡ് ബീവറും റോയിട്ടേഴ്‌സിനോട് പറഞ്ഞു.
വൃത്തിഹീനമായ ചുറ്റുപാടില്‍ താമസിപ്പിച്ച ഗ്രെറ്റയ്ക്ക് ത്വക്ക് രോഗം പിടിപെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെന്‍ബര്‍ഗിനോട് ഇസ്രഈല്‍ സുരക്ഷാസൈനികര്‍ വളരെ മോശമായി പെരുമാറിയെന്നും ഒരു പ്രോപഗണ്ടയായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്നും വിന്‍ഡ്ഫീല്‍ഡ് ബീവര്‍ വെളിപ്പെടുത്തി. ഇസ്രഈലിന്റെ രാജ്യസുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ എത്തിയപ്പോള്‍ സുരക്ഷാഉദ്യോഗസ്ഥര്‍ തെന്‍ബര്‍ഗിനെ മുടിയില്‍ പിടിച്ച് മുറിയിലേക്ക് തള്ളിയിട്ടെന്നും ബീവര്‍ പറഞ്ഞു.
‘ഇസ്രഈല്‍ സൈന്യത്തിന്റെ കസ്റ്റഡി ദാരുണമായിരുന്നു. ഞങ്ങളെ മൃഗങ്ങളെ പോലെയാണ് പരിഗണിച്ചത്. വൃത്തിയുള്ള ഭക്ഷണമോ വെള്ളമോ നല്‍കിയില്ല. മരുന്നുകള്‍ പോലുള്ള അവശ്യവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു’, ഹസ്വാനി ഹെല്‍മി പറഞ്ഞു.
ചില ആക്ടിവിസ്റ്റുകള്‍ക്ക് നിയമസഹായം, വെള്ളം, ഭക്ഷണം, മരുന്നുകള്‍, ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവ ഇസ്രഈല്‍ നിഷേധിച്ചെന്നും ഫ്‌ളോട്ടില്ലയിലെ അംഗങ്ങള്‍ക്ക് നിയമസഹായങ്ങള്‍ നല്‍കുന്ന ഇസ്രഈലി ഗ്രൂപ്പായ അദലാ പറഞ്ഞു. ‘സ്വതന്ത്ര ഫലസ്തീന്‍’ മുദ്രാവാക്യം മുഴക്കിയതിന് ചില ആക്ടിവിസ്റ്റുകളെ നാലഞ്ച് മണിക്കൂറോളം കൈകള്‍ കൂട്ടിക്കെട്ടി മുട്ടുകുത്തിയ നിലയില്‍ ഇരുത്തുകയും ചെയ്‌തെന്ന് അദലാ സംഘടന വെളിപ്പെടുത്തി.
അതേസമയം, അദലായുടെ ആരോപണങ്ങള്‍ ഉള്‍പ്പെടെ നിഷേധിച്ച് ഇസ്രഈല്‍ രംഗത്തെത്തി. ‘അദലായുടെ എല്ലാ വാദങ്ങളും കള്ളമാണ്. കസ്റ്റഡിയിലുള്ളവരെല്ലാം സുരക്ഷിതരാണ്. ആരോഗ്യനിലയിലും ആര്‍ക്കും കുഴപ്പമില്ല’, ഇസ്രഈല്‍ വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിച്ചു.
നിലവില്‍ ഇസ്രഈലില്‍ കസ്റ്റഡിയിലുള്ള ആക്ടിവിസ്റ്റുകളെ ഉടനെ നാടുകടത്തുമെന്നും ചിലര്‍ മനപൂര്‍വ്വം നാടുകടത്തല്‍ പ്രക്രിയയെ തടസപ്പെടുത്തുകയാണെന്നും ഇസ്രഈല്‍ മറ്റൊരു എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു.
ഗസയിലേക്ക് മാനുഷിക സഹായങ്ങളുമായി എത്തിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളെ വഹിച്ചുള്ള ചെറുകപ്പല്‍ വ്യൂഹമായിരുന്നു ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല. നാല്‍പതിലേറെ ചെറുകപ്പലുകള്‍ ഗസയ്ക്ക് അരികിലേക്ക് എത്താനിരിക്കെയാണ് 70 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ഇസ്രഈല്‍ സൈന്യം തടഞ്ഞത്.
ഏകദേശം 470ഓളം ആക്ടിവിസ്റ്റുകളെ കപ്പലില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൈനിക നടപടിയെ തുടര്‍ന്ന് ലോകരാജ്യങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഇസ്രഈലിനെതിരെ ഉയരുന്നത്.
Content Highlight: Greta Thunberg forced to wear Israeli flag; grabbed by hair; activists reveal Israel cruelty