തൊഴിലാളികളുടെ അവകാശങ്ങള്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി; മോദി സര്‍ക്കാരിന്റെ ലേബര്‍ കോഡിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
India
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി; മോദി സര്‍ക്കാരിന്റെ ലേബര്‍ കോഡിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th May 2026, 2:01 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നാല് ലേബര്‍കോഡുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡുകളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

പൊതുവെ ഭീരുത്വത്തിന്റെ രീതി വെച്ച് പുലര്‍ത്തുന്ന മോദി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളെല്ലാം കഴിയുന്നത് വരെ കാത്തിരുന്ന് നാല് തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ ഗസറ്റ് വിജ്ഞാപനങ്ങളിലൂടെ പ്രാബല്യത്തില്‍ വരുത്തി എന്നും ഖാര്‍ഗെ പ്രസ്താവനയില്‍ പറഞ്ഞു.

എപ്പോള്‍ വേണമെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചുവിടാവുന്ന അവസ്ഥ, സംഘടിക്കാനുള്ള സാധ്യത പരിമിതപ്പെടല്‍ എന്നിവയാണ് ഇന്ത്യയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് ഈ ചട്ടങ്ങള്‍ ഭാവിയിലേക്ക് ഉറപ്പ് നല്‍കുന്നത്. വേണ്ട ചര്‍ച്ചകള്‍ നടത്താതെയും നിര്‍ദേശങ്ങള്‍ തേടാതെയുമാണ് മോദി സര്‍ക്കാര്‍ ഈ തൊഴിലാളി വിരുദ്ധ ചട്ടങ്ങളുടെ കരട് തയ്യാറാക്കിയതും അവ നടപ്പാക്കിയതും എന്നത് ശ്രദ്ധ പതിപ്പിക്കേണ്ട കാര്യമാണെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

2015 മുതല്‍ മോദി സര്‍ക്കാര്‍ ഇവിടെ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ക്കുകപോലും ചെയ്തിട്ടില്ല. പുതിയ ചട്ടങ്ങള്‍ പ്രധാനമന്ത്രിയുടെ വ്യവസായികളായ സുഹൃത്തുക്കള്‍ക്ക് മാത്രമാണ് ഗുണകരമാവുകയെന്നും ഖാര്‍ഗെ പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന തൊഴിലാളി നീതി അജണ്ടയെക്കുറിച്ചും ഖാര്‍ഗെയുടെ പ്രസ്താവനയില്‍ പറയുന്നു. അഞ്ചിന അജണ്ടയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. ഇതില്‍ പുതിയ നാല് തൊഴില്‍ ചട്ടങ്ങള്‍ പിന്‍വലിക്കുന്നതും ഉള്‍പ്പെടുന്നു.

ഞങ്ങളുടെ അഞ്ചിന തൊഴിലാളി നീതി അജണ്ടയില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഖാര്‍ഗെ വ്യക്തമാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കലും നഗര മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കലും 400 രൂപ ദേശീയ തലത്തില്‍ കുറഞ്ഞ വേതന പരിധിയാക്കുന്നതിനുള്ള നടപടികളും അജണ്ടയുടെ ഭാഗമാണെന്ന് ഖാര്‍ഗെയുടെ പ്രസ്താവനയില്‍ പറയുന്നു.

25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ആരോഗ്യ അവകാശ നിയമവും അജണ്ടയുടെ ഭാഗമായി പ്രസ്താവനയില്‍ പറയുന്നു. അസംഘടിത തൊഴിലാളികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സും ആക്‌സിഡന്റ് ഇന്‍ഷൂറന്‍സും അടക്കം സമഗ്രമായ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്ന നടപടികളും പ്രധാന സര്‍ക്കാര്‍ സംവിധാനങ്ങളിലെ കോണ്‍ട്രാക്ട് വല്‍ക്കരണം ഒഴിവാക്കലും അജണ്ടയുടെ ഭാഗമാണെന്ന് ഖാര്‍ഗെ പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlight: ‘Greatest setback for workers’ rights since Independence’: Congress on labour codes