ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് പ്രോട്ടിയാസ് ഇതിഹാസം
Cricket
ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് പ്രോട്ടിയാസ് ഇതിഹാസം
ഫസീഹ പി.സി.
Saturday, 10th January 2026, 3:39 pm

ടി – 20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് സൗത്ത് ആഫ്രിക്ക കിരീടമുയര്‍ത്തണം എന്നാണ് തന്റെ ആഗ്രഹമെന്ന് പ്രോട്ടിയാസ് ഇതിഹാസം ഗ്രെയാം സ്മിത്. ഇന്ത്യക്കിത് ഒരു ഹോം ലോകകപ്പാണിതെന്നും അതുകൊണ്ട് തന്നെ ടീമിനെ എഴുതി തള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ചരിത്ര വിജയം ലോകകപ്പിലും തുടരാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു ഗ്രെയാം സ്മിത്.

ഗ്രെയാം സ്മിത്. Photo: Vipin Tiwari/x.com

‘ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ വിജയം മികച്ചതായിരുന്നു. ഇന്ത്യയില്‍ കളിക്കുക എന്നത് പ്രയാസമാണ്. അവിടെ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. കഴിഞ്ഞ ഒന്നര വര്‍ഷമായി ടെസ്റ്റ് ടീമാണ് മികച്ചത്. അവരുടെ മികവ് ടി – 20 ലോകകപ്പില്‍ തുടരുമെന്നാണ് പ്രതീക്ഷ.

പക്ഷേ, പ്രതിഭകളെ വെച്ച് നോക്കുമ്പോള്‍ ഇന്ത്യയെ തള്ളികളയാനാവില്ല. അവര്‍ക്കിത് ഹോം ലോകകപ്പാണിത്. ഇന്ത്യയിപ്പോള്‍ ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. ഗൗതം ഗംഭീറും സീനിയര്‍ താരങ്ങളും തമ്മിലുള്ള ഈ മാറ്റം എങ്ങനെയാവുമെന്ന് കണ്ട് തന്നെ അറിയണം,’ ഗ്രെയാം സ്മിത് പറഞ്ഞു.

2024 ടി – 20 ലോകകപ്പില്‍ ഇന്ത്യ പ്രോട്ടിയാസ് സംഘത്തിന്റെ തോല്‍പ്പിച്ചാണ് ജേതാക്കളായത്. ഏഴ് റണ്‍സിന് ജയിച്ചായിരുന്നു മെന്‍ ഇന്‍ ബ്ലൂവിന്റെ കിരീടനേട്ടം. ഇന്ത്യ ഈ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ പ്രോട്ടിയാസ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഉറച്ചാവും എത്തുക.

Photo: x.com

ഫെബ്രുവരി ഏഴ് മുതലാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തുന്ന ലോകകപ്പിന് അരങ്ങുണരുക. ടൂര്‍ണമെന്റിനായി ഇന്ത്യയും സൗത്ത് ആഫ്രിക്കയും ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

ടി- 20 ലോകകപ്പിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)

സൗത്ത് ആഫ്രിക്കന്‍ ടി-20 ലോകകപ്പ് സ്‌ക്വാഡ്

എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊനോവന്‍ ഫെരേര, ടോണി ഡി സോര്‍സി, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, കഗീസോ റബാഡ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്യ, ക്വേന മഫാക്ക, ജെയ്സണ്‍ സ്മിത്

Content Highlight: Graeme Smith says that he wish South Africa beat India in the final of T20 World Cup 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി