പറയേണ്ടത് വൈകിയാലും പറയണം, അതിന്റെ പേരിൽ ആരെയും ജഡ്ജ് ചെയ്യരുത്: ഗ്രേസ് ആന്റണി
Malayalam Cinema
പറയേണ്ടത് വൈകിയാലും പറയണം, അതിന്റെ പേരിൽ ആരെയും ജഡ്ജ് ചെയ്യരുത്: ഗ്രേസ് ആന്റണി
നന്ദന. ടി
Wednesday, 15th July 2026, 7:00 am

മലയാള സിനിമയിലെ ശ്രദ്ധേയ യുവ നടിമാരിൽ ഒരാളാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം, അപ്പൻ, റോഷാക്ക്, പടച്ചോനേ ഇങ്ങൾ കാത്തോളീ തുടങ്ങി നിരവധി ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, സ്വാഭാവിക അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ആത്മവിശ്വാസത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് ഗ്രേസ്. ലെറ്റ്സ് ബി റിയൽ വിത്ത് അശ്വതി അശോക് വിശാൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഗ്രേസ് ആന്റണി.photo.Facebbok

‘ആത്മവിശ്വാസം തന്നെയാണ് എല്ലാ വ്യക്തികളും കൊണ്ടുനടക്കേണ്ട യഥാർത്ഥ കരുത്ത് എന്ന് പറയുന്നത്. ആത്മവിശ്വാസം തരുന്ന കാര്യങ്ങൾ ചെയ്യുക. വളരെ ചെറിയ കാര്യങ്ങൾ ആയാലും അത് നമുക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ ചെയ്യാൻ ശ്രമിക്കുക. കാരണം, നാളെ ഞാൻ അത് ചെയ്തില്ലല്ലോ എന്നൊരു കുറ്റബോധം നമുക്ക് ഉണ്ടാവരുത്.

പിന്നെ, ഇൻഡിപെൻഡന്റ് ആവുക എന്ന് വെച്ചാൽ എല്ലാവരിൽ നിന്നും അകന്നു നിൽക്കുക എന്നല്ല. നമുക്ക് ഒരു കാര്യം ഒറ്റയ്ക്ക് ചെയ്യാൻ കഴിയും എന്നൊരു പ്രാപ്തി ലഭിക്കുന്ന രീതിയിൽ, ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആവുക. അത് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നേടിയെടുക്കുക, അതിൽ സ്ത്രീ എന്നോ പുരുഷൻ എന്നോ ഉള്ള വ്യത്യാസമില്ല.

ഇപ്പോഴത്തെ കുട്ടികളുടെ കാര്യത്തിൽ എനിക്ക് വലിയ അഭിമാനമുണ്ട്. കാരണം പണ്ടത്തെ ഒരു ചിന്താഗതിയല്ല അവർക്ക്. അവർക്ക് അവരുടെ ഭാവിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. മറ്റുള്ളവർ എന്ത് പറയുന്നു എന്നത് അവരുടെ വിഷയമേ അല്ല.

പിന്നെ അന്നും ഇന്നും എന്നും നമുക്ക് വേണ്ടി സംസാരിക്കുക. ചിലർ പറയും പറയേണ്ട സമയത്ത് തന്നെ പറയണം, നാളെ പറഞ്ഞിട്ട് കാര്യമില്ല എന്ന്. പക്ഷേ ഓരോരുത്തരും കടന്നുപോകുന്ന സാഹചര്യങ്ങൾ നമുക്ക് ഇവിടെയിരുന്ന് ജഡ്ജ് ചെയ്യാൻ പറ്റില്ല. എത്ര സമയമെടുത്തിട്ടാണെങ്കിലും നമുക്ക് പറയാനുള്ളത് പറയുക. അവിടെ ചിലപ്പോൾ ഭയം ഒക്കെയുണ്ടാവും. നമുക്ക് നമ്മളെത്തന്നെ ചേർത്തുനിർത്തി ഇറ്റ്സ് ഓക്കേ എന്ന് നമ്മളോട് തന്നെ പറയാൻ പറ്റുന്ന ആ ഒരവസ്ഥ നേടിയെടുക്കാൻ എല്ലാവരും ശ്രമിക്കുക,’ ഗ്രേസ് ആന്റണി പറഞ്ഞു.

ഗ്രേസ് ആന്റണി.photo.Facebook

Content Highlight: Grace Antony talks about confidence and self independence in life

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം