നീ അങ്ങനെ വിചാരിക്കുന്നുണ്ടാകുമെന്ന് മമ്മൂക്ക പറഞ്ഞു, പക്ഷെ എനിക്ക് തോന്നുന്നില്ല നമുക്ക് വേണ്ടി ആരെങ്കിലുമൊക്കെ ഇങ്ങനെ ചെയ്യുമെന്ന്: ഗ്രേസ് ആന്റണി
Entertainment news
നീ അങ്ങനെ വിചാരിക്കുന്നുണ്ടാകുമെന്ന് മമ്മൂക്ക പറഞ്ഞു, പക്ഷെ എനിക്ക് തോന്നുന്നില്ല നമുക്ക് വേണ്ടി ആരെങ്കിലുമൊക്കെ ഇങ്ങനെ ചെയ്യുമെന്ന്: ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th April 2023, 9:08 pm

റോഷാക്ക് സിനിമയുടെ സെറ്റില്‍ വെച്ച് നടന്‍ മമ്മൂട്ടിയുമായുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. മമ്മൂക്ക തനിക്ക് വേണ്ടി സെറ്റില്‍ സ്ഥിരമായി സ്‌പ്രേ കൊണ്ടുവരുമായിരുന്നു എന്നും അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് തരുമായിരുന്നു എന്നും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് പറഞ്ഞു.

‘മമ്മൂക്കയെക്കുറിച്ച് ആളുകള്‍ പറഞ്ഞ് കേള്‍ക്കുമ്പോള്‍ അതെന്താണെന്ന് അറിയാനുള്ളൊരു ആഗ്രഹമുണ്ടായിരുന്നു. എല്ലാവര്‍ക്കും മമ്മൂക്കയെ കാണുന്നത് ഭയങ്കര പേടിയാണ്. പക്ഷേ എനിക്ക് അങ്ങനെയൊന്നുമല്ലായിരുന്നു. ഒരു നിമിഷം മമ്മൂക്കയോടൊപ്പം സംസാരിക്കുമ്പോള്‍ പത്തിരുപത് ഇന്‍ഫര്‍മേഷനാണ് നമുക്ക് ഇങ്ങോട്ട് കിട്ടുന്നത്. അദ്ദേഹത്തിന് അറിയാത്ത കാര്യമാണെങ്കിലും പിറ്റേ ദിവസം ഓര്‍ത്ത് വെച്ച് അതിനേക്കുറിച്ച് നമുക്ക് പറഞ്ഞു തരും.

ഷൂട്ടില്‍ ഞാനും അദ്ദേഹവും മാത്രമുള്ള ഒരു ഷോട്ട് എടുക്കുകയായിരുന്നു. ലൂക്കയും സുജാതയും മാത്രമുള്ള ഒരു വീടാണ്. അതുകൊണ്ട് ഞാനും അദ്ദേഹവും മാത്രമാണ് ആര്‍ട്ടിസ്റ്റുകളായി അവിടെ ഉള്ളു.

ഞങ്ങള്‍ എന്തോ പറഞ്ഞു തുടങ്ങി പെര്‍ഫ്യൂമിലെത്തി, പിന്നെ കറങ്ങി തിരിഞ്ഞ് ഊതിലെത്തി. ഊത് ഉണ്ടാക്കുന്നതെങ്ങനെയാണ് എന്നൊക്കെ പറഞ്ഞു തന്നു. ക്ലാസുകള്‍ കേള്‍ക്കുന്നപോലെ ഞാന്‍ അതെല്ലാം കേട്ട് നിന്നു.

അദ്ദേഹത്തിന്റെ കയ്യില്‍ ഊതിന്റെയും പെര്‍ഫ്യൂംസിന്റെയും കുറേ കളക്ഷന്‍സ് ഉണ്ടെന്നും നാളെ വരുമ്പോള്‍ കൊണ്ടുവരാമെന്നും പറഞ്ഞു. ഞാന്‍ ആ കാര്യം മറന്നുപോയിരുന്നു. പിറ്റേ ദിവസം എന്നോട് ചോദിച്ചു നിനക്ക് അതുവേണ്ടേന്ന്. എന്നിട്ട് അദ്ദേഹത്തിന്റെ മേക്കപ്പ് മാനിന്റെ അടുത്ത് നിന്നും അതു വാങ്ങിച്ച് എനിക്ക് സ്പ്രെ ചെയ്തു തന്നു. ഞാന്‍ മണത്തുനോക്കി ഇഷ്ടമായ കാര്യം പറഞ്ഞു.

എന്താണ് നിനക്ക് ഫീല്‍ ചെയ്തതെന്നൊക്കെ ചോദിച്ച് അതിനെക്കുറിച്ച് പറഞ്ഞു തന്നു. അതുകഴിഞ്ഞപ്പോള്‍ പിറ്റേ ദിവസം അടുത്ത പെര്‍ഫ്യൂമുമായി വന്നു. ഒരു അഞ്ചു ദിവസം അടുപ്പിച്ച് സ്പ്രേ കൊണ്ടുവന്നു.

അഞ്ചാമത്തെ ദിവസം അദ്ദേഹമെന്നോട് പറഞ്ഞു, നീ വിചാരിക്കുന്നുണ്ടാകും ഇത് നിനക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന്. ഇത് എനിക്ക് വേണ്ടി അടിക്കാന്‍ കൊണ്ടു വന്നതാണ്. അതിന്റെ കൂട്ടത്തില്‍ നിനക്കും തരുന്നു അത്ര ഉള്ളു എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് തോന്നുന്നില്ല വേറെ ഒരാളും നമുക്ക് വേണ്ടി കറക്ടായി ഓര്‍ത്ത് ഓരോന്ന് കൊണ്ടുവരുമെന്ന്,’ ആന്റണി പറഞ്ഞു.

content highlight: grace antony about mammootty and rorcharch movie