'ഇതെന്താണ്, ഭയങ്കര ഓവര്‍ അഭിനയമാണെന്ന് പറഞ്ഞു, കരഞ്ഞുകൊണ്ടിറങ്ങി പോന്നു, അവിടെ നിന്നും മമ്മൂട്ടിയുടെ നായികയിലേക്ക്'
Film News
'ഇതെന്താണ്, ഭയങ്കര ഓവര്‍ അഭിനയമാണെന്ന് പറഞ്ഞു, കരഞ്ഞുകൊണ്ടിറങ്ങി പോന്നു, അവിടെ നിന്നും മമ്മൂട്ടിയുടെ നായികയിലേക്ക്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th January 2023, 11:37 pm

ഫേക്ക് ഒഡിഷനില്‍ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. 500 രൂപ വരെ ഫേക്ക് ഓഡിഷനുകളില്‍ എത്തുന്ന കുട്ടികളോട് ഫീ ആയി വാങ്ങാറുണ്ടെന്നും എന്നാല്‍ ആര്‍ക്കും കോള്‍ വരില്ലെന്നും ഗ്രേസ് പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫേക്ക് ഒഡിഷന്‍ അനുഭവങ്ങള്‍ ഗ്രേസ് പങ്കുവെച്ചത്.

‘ചില ഓഡിഷനില്‍ 300 മുതല്‍ 500 രൂപ വരെ ഫീ വരും. എങ്ങനെ പോയാലും അവിടെ ഒരു 60 കുട്ടികളെങ്കിലും വരും. നമ്മള്‍ അവിടെ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യും പക്ഷേ അവിടെ നിന്നും ഒരു കോള്‍ പോലും വരില്ല. അതൊരു ഫേക്ക് ഓഡിഷനാണെന്ന് പിന്നീടാണ് മനസിലാവുന്നത്. ഇപ്പോള്‍ കൊളീഗ്‌സിനോട് സംസാരിക്കുമ്പോള്‍ അവര്‍ മൂന്നൂറ് ഒഡിഷനൊക്കെ പോയിട്ടുണ്ടെന്ന് പറയും. അവരുടെ കയ്യില്‍ നിന്നും എത്ര രൂപ ചെലവായിട്ടുണ്ടാവും.

ഒന്നുമറിയാത്ത ഒരു ബാക്ക്ഗ്രൗണ്ടില്‍ നിന്നും വരുന്ന കുട്ടിക്ക് ഫേക്ക് ഓഡിഷനാണോ എന്ന് എങ്ങനെ അറിയാന്‍ പറ്റും. അല്ലെങ്കില്‍ സംവിധായകന്റെ പേര് ഗൂഗിള്‍ ചെയ്ത് നോക്കണം. ആക്ച്വലി ക്ലെവര്‍ ആയിട്ടുള്ള ഒരുപാട് കുട്ടികളുണ്ട്. പക്ഷേ അങ്ങനെയല്ലാത്ത കുട്ടികളുമുണ്ട്. അവരൊക്കെ ആ ഫേക്ക് ഓഡിഷനില്‍ പോയി പൈസയും കളഞ്ഞ് തിരിച്ച് പോരുകയാണ്. ശരിക്കും ഇത്തരം ഫേക്ക് ഓഡിഷന്‍ നടത്തുന്നവരാണ് ഏറ്റവും നല്ല നടന്മാര്‍. അവര്‍ അഭിനയിക്കുന്നത് ഒന്ന് കാണണം.

ഒരു ഒഡിഷനില്‍ വെച്ച് എന്തെങ്കിലും ചെയ്യാന്‍ എന്നോട് പറഞ്ഞു. ശരിക്കുമുള്ള ഒഡിഷനാണെങ്കില്‍ ഇതാണ് സീന്‍ എന്നവര്‍ പറയും. അങ്ങനെയാണ് ഹാപ്പി വെഡ്ഡിങ്ങിന്റെ ഒഡിഷനില്‍ ചെയ്യിച്ചത്. പക്ഷ ഇവിടെ എന്തങ്കിലും ചെയ്‌തോളാന്‍ പറഞ്ഞു. നേരത്തെ കളിച്ച മുച്ചൂട്ടുകളിക്കാരന്റെ മകള്‍ എന്ന നാടകത്തിലെ ഒരു സീന്‍ ഞാന്‍ ചെയ്തുകാണിച്ചു.

നിര്‍ത്ത് ഇത് എന്ത് ഡ്രാമാറ്റിക്കാണ്, എന്ത് ഓവര്‍ അഭിനയമാണെന്ന് അവര്‍ പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് തന്നില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. ഇങ്ങനെയാണോ ചെയ്യുന്നത്, ഇതെന്താണ്, താന്‍ ഭയങ്കര ഓവറാണ്, പൊക്കോളാന്‍ പറഞ്ഞു. ഞാന്‍ കണ്ണ് നിറഞ്ഞ് ഇറങ്ങിവന്നു. എന്തുപറ്റി എന്ന് പപ്പ ചോദിച്ചു. കിട്ടത്തില്ല വാ പോകാമെന്ന് പപ്പ പറഞ്ഞു. അങ്ങനെയുള്ള ഫേക്ക് ഒഡിഷന് പോയിട്ടുണ്ട്,’ ഗ്രേസ് പറഞ്ഞു.

അതിശയമാണ്, അവിടെ നിന്നും മമ്മൂട്ടിയുടെ ഹീറോയിനിലേക്ക് വരെ ഗ്രേസ് എത്തി എന്നാണ് അവതാരക പറഞ്ഞത്.

Content Highlight: grace antony about fake audition