മെയില്‍ ഈഗോയുടെ കഥ; 'അയ്യപ്പനും കോശിക്കും' 'ഡ്രൈവിംഗ് ലൈസെന്‍സിനും' പിന്നാലെ വിലായത്ത് ബുദ്ധയും
Movie Day
മെയില്‍ ഈഗോയുടെ കഥ; 'അയ്യപ്പനും കോശിക്കും' 'ഡ്രൈവിംഗ് ലൈസെന്‍സിനും' പിന്നാലെ വിലായത്ത് ബുദ്ധയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th November 2025, 12:58 pm

രണ്ടു വ്യക്തികള്‍ തമ്മിലുള്ള മെയില്‍ ഈഗോയുടെ കഥ പറയുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കാറ്.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ രചനയില്‍ പിറന്ന ‘ഡ്രൈവിംഗ് ലൈസന്‍സും’, സച്ചി തന്നെ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമൊക്കെ ഇതിന് ഉദാഹരണമാണ്.

ഈ വിഭാഗത്തിലേക്കാണ് ജി.ആര്‍ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ കടന്നു വരവ്. മറയൂരിലെ ചന്ദന കാടുകളെ ഇതിവൃത്തമാക്കി വരുന്ന ചിത്രം ഡബിള്‍ മോഹനനും എതിരാളിയായ ഭാസ്‌കരന്‍ മാഷും തമ്മിലുള്ള പകയുടെ കഥയാണ് പറയുന്നത്.

നോവലിന്റെ രചയിതാവായ ഇന്ദുഗോപനും രാജേഷ് പിന്നാടാനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

നമ്മുടെ ഈ ലോകത്ത് ഒരുപാട് രീതിയില്‍ കഥകള്‍ പറയാന്‍ പറ്റില്ല, പ്രണയം, കാമം, പക തുടങ്ങിയ അടിസ്ഥാന വികാരങ്ങളെ ചുറ്റിപ്പറ്റിയാണ് എല്ലാ കഥകളും ഉടലെടുത്തിരിക്കുന്നത്, എന്നാണ് ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് ഇന്ദുഗോപന്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘മനുഷ്യന്മാര്‍ തമ്മിലുള്ള സംഘര്‍ഷം ഒരു ധാര മാത്രമാണ് , ഇതിനെ നമുക്ക് ആയിരം രീതിയില്‍ ചിത്രീകരിക്കാം. ഈ കഥയില്‍ അധ്യാപകനും ശിഷ്യനും തമ്മില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉണ്ടാവുന്ന സംഘര്‍ഷമാണ് കാണിക്കുന്നത്.

എന്നാല്‍ ഇത് സ്ഥായിയായി നില്‍ക്കുന്നില്ല. ഇതിനിടയില്‍ വലിയൊരു പ്രണയവും ഒരു മനുഷ്യനുണ്ടാവുന്ന ദശാസന്ധിയും എല്ലാം ഈ കഥയുടെ ഭാഗം തന്നെയാണ്,’ ഇന്ദു ഗോപന്‍ പറഞ്ഞു.

രണ്ടു പേര്‍ തമ്മിലുള്ള സംഘര്‍ഷം ആസ്പദമാക്കി മലയാളത്തില്‍ തന്നെ ഇനിയും ഒരു ആയിരം ചിത്രങ്ങള്‍ നിര്‍മിക്കാന്‍ പറ്റുമെന്നും ഇതിന്റെ വൈചിത്ര്യങ്ങളില്‍ അഥവാ എന്ത് കാരണത്താലാണ് ഈ സംഘര്‍ഷം ഉടലെടുത്തത് എന്നതിലാണ് ആസ്വാദനം എന്നും ജി.ആര്‍ ഇന്ദുഗോപന്‍ അഭിപ്രായപ്പെട്ടു.

അയ്യപ്പനും കോശിക്കും ശേഷം പൃഥ്വിരാജിനെ നായകനാക്കി സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘വിലായത്ത് ബുദ്ധ’. എന്നാല്‍ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ചിത്രം ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുകയായിരുന്നു. ഡബിള്‍ മോഹനനായി പൃഥ്വിരാജും ഭാസ്‌കരന്‍ മാഷായി നടന്‍ ഷമ്മി തിലകനുമാണ് ചിത്രത്തില്‍ വേഷമിടുന്നത്.

Content Highlight: GR Indugopan about Prithviraj Vilayath Buddha