ജി.പി.എസ് ജാമറുകളും മൈനുകളും; ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് മുന്നറിയിപ്പ്; വലിയ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്
India
ജി.പി.എസ് ജാമറുകളും മൈനുകളും; ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് മുന്നറിയിപ്പ്; വലിയ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്
അനിത സി
Saturday, 28th March 2026, 3:31 pm

ന്യൂദല്‍ഹി: ഹോര്‍മുസ് കടലിടുക്കിന് സമീപത്തുള്ള ഇന്ത്യന്‍ കപ്പലുകള്‍ ജി.പി.എസ് തകരാറുകള്‍ നേരിടുന്നെന്ന് റിപ്പോര്‍ട്ട്. വ്യക്തമായ നാവിഗേഷനില്ലാതെ പ്രതിസന്ധിയിലായതിനൊപ്പം കപ്പലുകള്‍ക്ക് നേരെ മൈന്‍ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്.

മുന്നോട്ടുള്ള ഗതാഗതത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഹോര്‍മുസ് വഴിയുള്ള എല്ലാ നാവിഗേഷനും നിരോധിച്ചിരിക്കുന്നെന്നുമുള്ള സെപാ നാവിക സേനയുടെ മുന്നറിയിപ്പ് നിരന്തരം റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഒരു കപ്പലിനേയും ഹോര്‍മുസ് വഴി കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഐ.ആര്‍.ജി.സി നാവികസേനയുടെ മുന്നറിയിപ്പില്‍ പറയുന്നു.

ജി.പി.എസ് സംവിധാനങ്ങളെയും ആശ്രയിക്കാന്‍ സാധിക്കാതെ വന്നതോടെ കപ്പലുകള്‍ വലിയ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. മാനുവലായ നാവിഗേഷനെ ആശ്രയിക്കുന്നതിനും പരിമിതികളുള്ളതിനാല്‍ കപ്പല്‍ ക്യാപ്റ്റന്‍മാര്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആധുനിക ഷിപ്പിങ് ജി.പി.എസിനെ വളരെയധികം ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹോര്‍മുസ് പോലുള്ള പ്രദേശങ്ങളില്‍ ജി.പി.എസില്ലാതെ പ്രവര്‍ത്തക്കുന്നത് അപകടകരമാണ്.

ജി.പി.എസ് പ്രശ്‌നങ്ങള്‍ കാരണം നാവിഗേഷനെ സാരമായി ബാധിക്കുന്നു. ഇതിലൂടെ കപ്പലിന്റെ സ്ഥാനം നിര്‍ണയിക്കല്‍ വളരെ ബുദ്ധിമുട്ടാണ്. ഹോര്‍മുസ് പോലുള്ള ഇടുങ്ങിയ പ്രദേശത്ത് വഴി തെറ്റിയാല്‍ കപ്പല്‍ നിലത്തേക്ക് താഴ്ന്നുപോവാനോ മറ്റ് കപ്പലുകളുമായി കൂട്ടിയിടിക്കാനോ സാധ്യത ഏറെയാണെന്ന് ഇന്ത്യന്‍ മാസ്റ്റര്‍ മറൈനര്‍ ക്യാപ്റ്റന്‍ മനീഷ് കുമാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കടലിലെ മൈനുകള്‍ വലിയ ഭീഷണിയാണ്. ഹോര്‍മസിലൂടെ കടന്നുപോകുന്ന കപ്പലുകളിലെ ചരക്കുകളുടെ സ്വഭാവം ഭയത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. രാസ ടാങ്കറുകളും എണ്ണ കപ്പലുകളുമാണ് ഹോര്‍മുസിലൂടെ കൂടുതലായും കടന്നുപോകുന്നത്. ഏതെങ്കിലും തരത്തിലുള്ള ചെറുസ്‌ഫോടനങ്ങള്‍ വലിയ അപകടത്തിലേക്കായിരിക്കും നയിക്കുക.

ഷിപ്പിങ് കമ്പനികള്‍ കപ്പലുകള്‍ക്കായി ദിവസേന സൈനിക ഉപദേശങ്ങളും ഓപ്പണ്‍ സോഴ്‌സ് ട്രാക്കിങും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മിഡില്‍ ഈസ്റ്റ് കോണ്‍ഫ്‌ളിക്റ്റ് ഡെയ്‌ലി സെക്യൂരിറ്റി ഇന്റലിജന്‍സ് അപ്‌ഡേറ്റ് ജി.പി.എസ് ഇടപെടല്‍, ഉയര്‍ന്ന തുറമുഖ സുരക്ഷാനിലവാരം, മൈന്‍ ആശങ്ക തുടങ്ങിയവയെ കുറിച്ചുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

നേരത്തെ, യു.എസ് കടലില്‍ ജി.പി.എസ് ജാമറുകള്‍ സ്ഥാപിച്ചത് കപ്പല്‍ ഗതാഗതത്തിന് വലിയ തിരിച്ചടിയായെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യു.എസ് സഖ്യരാജ്യങ്ങളിലേക്കും അവരുടെ തുറമുഖങ്ങളില്‍ നിന്നുമുള്ള കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കുന്നതിന് ഐ.ആര്‍.ജി.സി കഴിഞ്ഞദിവസം സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ പ്രതിദിനം 138 കപ്പലുകള്‍ ഗതാഗതം നടത്തിയിരുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ നിലവില്‍ ഒരു കപ്പല്‍ പോലും കടന്നുപോകുന്നില്ല.

Content Highlight: GPS jammers and mines; Warning to Indian ships in Hormuz; Report says major crisis

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.