ന്യൂദല്‍ഹി: കമല്‍ഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം വിശ്വരൂപത്തിന് പിന്നാലെയുണ്ടായ വിവാദത്തെ തുടര്‍ന്ന് സിനിമാട്ടോഗ്രാഫ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി മനീഷ് തിവാരിയാണ് നിയമം ഭേദഗതി ചെയ്യുന്നതിനെ കുറിച്ചുള്ള സൂചന നല്‍കിയത്. ട്വിറ്ററിലൂടെയാണ് മനീഷ് തിവാരി ഇക്കാര്യം സൂചിപ്പിച്ചത്.[]
സിനിമ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ബോര്‍ഡ് ഒരുതവണ അനുമതി നല്‍കിയാല്‍ അതിനെ മറികടക്കാനുള്ള സര്‍ക്കാറിന്റെ അധികാരം എടുത്തുകളയാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.
നിയമം ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് പഠിക്കാന്‍ പുതിയ കമ്മിറ്റിയെ നിയമിക്കാനും വാര്‍ത്താ വിനിമയ വകുപ്പ് തീരുമാനിച്ചതായാണ് അറിയുന്നത്.
കമല്‍ഹാസന്‍ നിര്‍മിച്ച വിശ്വരൂപം മുസ്‌ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
സര്‍ക്കാറിന്റെ സ്‌റ്റേ ഹൈക്കോടതി നിരോധിച്ചെങ്കിലും ഇന്നലെ വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചിത്രത്തിന് വീണ്ടും സ്‌റ്റേ പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെ കമല്‍ഹാസന്‍ ഇന്ന് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം, ഇന്ത്യയില്‍ മതനിരപേക്ഷമായ സ്ഥലം ലഭ്യമായില്ലെങ്കില്‍ ചിത്രകാരന്‍ എം.എഫ് ഹുസൈനെ പോലെ രാജ്യം വിടുമെന്ന് കമല്‍ഹാസന്‍ പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ കളികളുടെ ഇരയാണ് താനെന്നും ഏറെ വികാരാധീനനായി താരം പറഞ്ഞു.
