റിലയന്‍സ് ജിയോയെ അല്ല ബി.എസ്.എന്‍.എല്ലിനേയാണ് സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്: മോദി സര്‍ക്കാറിനെതിരെ പൊട്ടിത്തെറിച്ച് ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍
national news
റിലയന്‍സ് ജിയോയെ അല്ല ബി.എസ്.എന്‍.എല്ലിനേയാണ് സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്: മോദി സര്‍ക്കാറിനെതിരെ പൊട്ടിത്തെറിച്ച് ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍
ന്യൂസ് ഡെസ്‌ക്
Saturday, 16th March 2019, 11:20 am

 

ന്യൂദല്‍ഹി: റിലയന്‍സ് ജിയോയെ അല്ല ബി.എസ്.എന്‍.എല്ലിനേയാണ് കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കേണ്ടതെന്ന് ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍. ബി.എസ്.എന്‍.എല്ലിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് ദ വീക്കിനോടു സംസാരിക്കുകയായിരുന്നു ജീവനക്കാര്‍.

“4ജി സേവനം നല്‍കുന്ന മറ്റ് സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ ലക്ഷക്കണക്കിന് നമ്പറുകള്‍ പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2ജി 3ജി സേവനങ്ങള്‍ നല്‍കുന്ന ബി.എസ്.എന്‍.എല്ലിലെ ഒരാള്‍ പോലും ജിയോ സര്‍വ്വീസിലേക്ക് പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ റിലയന്‍സിനെയല്ല ബി.എസ്.എന്‍.എല്ലിനെയാണ് രക്ഷിക്കേണ്ടത്. നെറ്റുവര്‍ക്ക് വ്യാപിപ്പിക്കാനും മറ്റു സേവനങ്ങള്‍ മികവുറ്റതാക്കാനും ആവശ്യമായ ഫണ്ടുകള്‍ ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ ഉറപ്പാക്കണം. അത് ബി.എസ്.എന്‍.എല്ലിന് പുതുജീവന്‍ നല്‍കും.” ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ സംഘടനയായ ബി.എസ്.എന്‍.എല്‍.ഇ.യു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബി.എസ്.എന്‍.എല്ലിനോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങളില്‍ പ്രതിഷേധിച്ച് 10,000ത്തിലേറെ ജീവനക്കാര്‍ ഏപ്രില്‍ അഞ്ചിന് സഞ്ചാര്‍ ഭവനുമുമ്പില്‍ പ്രതിഷേധം നടത്തുമെന്നും ജീവനക്കാര്‍ അറിയിച്ചു.

Also read:200ഓളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസ് : പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് തമിഴ്‌നാട് സര്‍ക്കാര്‍ 25ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

ബി.എസ്.എന്‍.എല്ലിന്റെ പുരോഗതി തടയാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. ” ബി.എസ്.എന്‍.എല്ലിന്റെ വളര്‍ച്ച തടയാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ഇത് റിലയന്‍സ് ജിയോ പോലുള്ള സ്വകാര്യ ഓപ്പറേറ്റര്‍മാരെ ടെലികോം മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ സഹായിക്കും.” സഞ്ചാര്‍ നിഗം എക്‌സിക്യുട്ടീവ് യൂണിയന്‍ പ്രസിഡന്റ് അഫ്താബ് അഹമ്മദ് പറഞ്ഞു.

Also Read:സുഹൃത്ത് റിലയന്‍സ് ജിയോയ്ക്ക് വാരിക്കോരിക്കൊടുത്ത കേന്ദ്രം ഇങ്ങനെയാണ് ബി.എസ്.എന്‍.എലിനെ കടക്കെണിയിലാക്കിയത്

18 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കഴിഞ്ഞമാസം ബി.എസ്.എന്‍.എല്ലിലെ 1.76 ലക്ഷം ജീവനക്കാര്‍ക്ക് മാസ ശമ്പളം മുടങ്ങിയിരുന്നു.
സാധാരണ നിലയില്‍ ശമ്പളം ഫെബ്രുവരി 28ന് ലഭിക്കുന്നതാണ്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ കരാര്‍ തൊഴിലാളികളില്‍ പലര്‍ക്കും മൂന്നു മുതല്‍ ആറു മാസം വരെയുള്ള വേതനം കൊടുക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസമാണ് തൊഴിലാളികളുടെ ശമ്പളകുടിശിക തീര്‍ത്തത്.