കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ത്താലുകളില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശബരിമല കര്‍മ്മസമിതി, ബി.ജെ.പി പ്രവര്‍ത്തകരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. ഹര്‍ത്താലുകളുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.
ശബരിമല കര്‍മ്മസമിതി വൈസ് പ്രസിഡന്റുമാരായ ടി.പി സെന്‍കുമാര്‍, കെ.എസ് രാധാകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല അടക്കമുള്ളവരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതുകൊണ്ട് അവരില്‍ നിന്നും നഷ്ടം ഈടാക്കാനും അവര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി തുടരാനും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി രണ്ട്, മൂന്ന് തിയ്യതികളില്‍ സംസ്ഥാനത്തുണ്ടായ ഹര്‍ത്താലുകളില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. നിരവധി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു. കെ.എസ്.ആര്‍.ടി.സിക്കുമാത്രം മൂന്നുകോടി മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
38.52ലക്ഷം രൂപയുടെ പൊതുമുതല്‍ പ്രാഥമിക നഷ്ടം കണക്കാക്കി. അതിന്റെ പതിന്മടങ്ങ് വരും യഥാര്‍ത്ഥ നഷ്ടം. ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 990 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 32270 പേരെ പ്രതികളാക്കി. അക്രമങ്ങളില്‍ 150 പൊലീസുകാര്‍ക്ക് പരുക്കുപറ്റി. 141 സാധാരണക്കാര്‍ക്കും 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കളും തകര്‍ത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
