സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസ് വളപ്പുകള്‍ റിലയന്‍സിന് ടവര്‍ നിര്‍മിക്കാന്‍ നല്‍കി
Daily News
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസ് വളപ്പുകള്‍ റിലയന്‍സിന് ടവര്‍ നിര്‍മിക്കാന്‍ നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th October 2014, 10:42 am

relianceതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസ് വളപ്പുകള്‍ റിലയന്‍സിന് പാട്ടത്തിന് നല്‍കി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിന് ടവര്‍ നിര്‍മിക്കുന്നതിനായാണ് സര്‍ക്കാര്‍ ഓഫീസ് വളപ്പുകള്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഈ തീരുമാനങ്ങള്‍ അതീവ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. ഇന്ത്യാവിഷന്‍ ന്യൂസ് ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഒക്ടോബര്‍ 8ന് 3 മണിക്ക് ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് സര്‍ക്കാര്‍ വളപ്പുകള്‍ റിലയന്‍സിന് നല്‍കാന്‍ തീരുമാനിച്ചത്. അതീവ രഹസ്യമായി സെക്രട്ടറിയേറ്റിലാണ് യോഗം ചേര്‍ന്നത്. ടവര്‍ നിര്‍മിക്കാന്‍ സ്ഥലം ആവശ്യപ്പെട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ ഇന്‍ഫോ ഫോം ലിമിറ്റഡ് എന്ന കമ്പനിയാണ് സര്‍ക്കാരിനെ സമീപിച്ചത്. റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജന്മദിനമായ ഡിസംബര്‍ 8ന് ഈ കമ്പനി തുടങ്ങാനാണ് മുകേഷ് അംബാനി തീരുമാനിച്ചിരിക്കുന്നത്. 4ജി സേവനകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കേരളത്തില്‍ വന്‍ സാധ്യത മുന്നില്‍ക്കണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടവര്‍ നിര്‍മിക്കാന്‍ സ്ഥലം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കമ്പനി നല്‍കിയ അപേക്ഷ ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എച്ച് കുര്യന്‍ ഐ.ടി മന്ത്രി വഴി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് രഹസ്യമായി ഉന്നതതല യോഗം വിളിച്ച് ഈ വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ടവറിന് സ്ഥലം നല്‍കുന്നതിനെതിരെ റവന്യൂ വകുപ്പും ആരോഗ്യവകുപ്പം രംഗത്തെത്തിയിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക കമ്പനിക്ക് ടവര്‍ നിര്‍മാണത്തിന് അനുമതി നല്‍കുന്നത് ശരിയല്ലെന്നായിരുന്നു റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടിയ പ്രശ്‌നം. എന്നാല്‍ ഏതൊക്കെ കമ്പനികള്‍ മൊബൈല്‍ ടവറിന് സ്ഥലം ആവശ്യപ്പെടുന്നോ അവര്‍ക്കൊക്കെ അനുമതി നല്‍കാമെന്ന നിര്‍ദേശം ഐ.ടി വകുപ്പ് മുന്നോട്ടുവെച്ചു. ഇത് അംഗീകരിച്ച റവന്യൂവകുപ്പ് റിലയന്‍സിന് സ്ഥലം നല്‍കാന്‍ അനുമതി നല്‍കുകയായിരുന്നു.

ടവര്‍ വരുമ്പോഴുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇത് സംബന്ധിച്ച കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തുവിട്ട നിബന്ധകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മതിയെന്ന നിര്‍ദേശമുയര്‍ന്നു. കൂടാതെ സ്‌കൂള്‍, അംഗനവാടികള്‍, കോളേജ്, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ടവറിന് അനുമതി നല്‍കേണ്ടെന്നും തീരുമാനിച്ചു.

ടെന്‍ണ്ടറോ പൊതുചര്‍ച്ചയോ ഒന്നുമില്ലാതെയാണ് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതും വെറുമൊരു അപേക്ഷയില്‍.