ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് തന്റേതാ സ്ഥാനം സ്വന്തമാക്കിയ സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെ കരിയര്‍ ആരംഭിച്ച ഗോവിന്ദ് വസന്ത അസുരവിത്ത് എന്ന സിനിമക്ക് പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ടാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്.
പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഗോവിന്ദ് വസന്തക്ക് സാധിച്ചു. പുതിയ ചിത്രമായ വളയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഒറിജിനല്‍സ് ബൈ വീണ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയായ വീണ ഗോവിന്ദ് വസന്തയുടെ വിക്കിപീഡിയയിലെ പേരിനെക്കുറിച്ച് ചോദിച്ചിരുന്നു.
ഗോവിന്ദ് മേനോന്‍ എന്ന പേര് എന്തിനാണ് മാറ്റിയത് എന്നായിരുന്നു ചോദ്യം. തന്റെ അമ്മയുടെ പേരാണ് സ്വന്തം പേരിന്റെ കൂടെ ചേര്‍ത്തിയതെന്നായിരുന്നു ഗോവിന്ദ് വസന്തയുടെ മറുപടി. ഫാന്‍സിയാക്കാന്‍ വേണ്ടിയല്ല അങ്ങനെ ചെയ്തതെന്നും അമ്മയുടെ പേരിനൊപ്പം അറിയാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വിക്കിപ്പീഡിയ നോക്കുമ്പോള്‍ ഇപ്പോഴും ഗോവിന്ദ് മേനോന്‍ എന്നാണ് കാണുന്നത് എന്ന അവതാരകയുടെ വാക്കുകള്‍ക്കും ഗോവിന്ദ് വസന്ത മറുപടി നല്‍കി. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം ആളുകള്‍ക്ക് ഇക്കാര്യമെല്ലാം അറിയാനാകുമെന്നും ജാതിവാലില്‍ അറിയപ്പെടണ്ട എന്നത് തന്റെ തീരുമാനമാണെന്നും അദ്ദേഹം മറുപടി നല്‍കി.
ഈ അഭിമുഖത്തിന് പിന്നാലെ അവതാരകയായ വീണക്ക് വലിയ രീതിയിലുള്ള വിമര്‍ശനമാണ് ലഭിക്കുന്നത്. ജാതിയുടെ പേരില്‍ അറിയപ്പെടാന്‍ താത്പര്യമില്ല എന്ന് ഒരാള്‍ പറയുമ്പോള്‍ അതിനെക്കുറിച്ച് വീണ്ടും ചോദിക്കുന്നത് ശരിയായില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്തരം ചോദ്യങ്ങളെ ചിരിച്ചുകൊണ്ട് നേരിട്ട ഗോവിന്ദ് വസന്തയുടെ സമീപനത്തെ പലരും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
ജാതിവാല്‍ മുറിച്ചുകളഞ്ഞു എന്ന് ഗോവിന്ദ് വസന്ത പറയുമ്പോള്‍ വീണയുടെ മുഖത്ത് പരിഭവമായെന്നും ചിലര്‍ ആരോപിക്കുന്നു. സമൂഹം പുരോഗമനത്തിന്റെ പാതയിലെത്തുമ്പോഴും ജാതിയെക്കുറിച്ച് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ ഓരോരുത്തര്‍ക്കും എങ്ങനെ സാധിക്കുന്നെന്നും വീഡിയോയുടെ താഴെ ചിലര്‍ ചോദിക്കുന്നുണ്ട്.
Content Highlight: Govind Vasantha’s reply on the question about his caste name going viral