റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് വേണമെന്ന് ഗവര്‍ണര്‍; അസാധാരണ നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍
Kerala News
റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് വേണമെന്ന് ഗവര്‍ണര്‍; അസാധാരണ നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th January 2020, 10:59 pm

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് ഗവര്‍ണറുടെ പി.ആര്‍.ഒ അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നത്.

പ്രസംഗത്തിന്റെ പത്രവാര്‍ത്തകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളുടെ പകര്‍പ്പ് രാജ്ഭവന്‍ ആവശ്യപ്പെടാറുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇതാദ്യമായാണ് മന്ത്രിമാരുടെ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവരങ്ങള്‍ ശേഖരിക്കണമെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരോട് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്ഭവന്റെ നിര്‍ദേശം ലഭിച്ച സാഹചര്യത്തില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തീരുമാനിക്കുന്നത് പോലെ ചെയ്യാമെന്ന നിലപാടിലാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യ

ഗവര്‍ണറുടെ പി.ആര്‍.ഒ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ആരായുന്ന പതിവില്ല. അതിനാല്‍ഗവര്‍ണറുടേത് അസാധാരണ നടപടിയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഉള്‍പ്പെടുത്തിയതില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്നും നേരത്തേ വിശദീകരണം തേടിയിരുന്നു. പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന്റെ വിഷയമല്ലെന്നുമായിരുന്നു ഗവര്‍ണറുടെ നിലപാട്.

എന്നാല്‍ നയപ്രഖ്യാപനത്തില്‍ പൗരത്വനിയമത്തിനെതിരായ പരാമര്‍ശം ഉള്‍പ്പെടുത്തിയത് മാറ്റാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ജനങ്ങളുടെ ആശങ്കയാണ് നയപ്രഖ്യാപനത്തില്‍ പ്രതിഫലിച്ചതെന്നും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചിരുന്നു.

അതേ സമയം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പ്രമേയമാണ് നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.

ഗവര്‍ണര്‍ കേരള നിയമസഭയെ അവഹേളിക്കുകയും സഭയോട് അനാദരവ് കാണിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ് ചെന്നിത്തല പ്രമേയം നല്‍കിയത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനോടാണ് പ്രമേയം ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്.