നടപടിയെടുത്തില്ലെങ്കില്‍ ഹിമാചല്‍ അടുത്ത 'ഉഡ്താ പഞ്ചാബ്' ആയിമാറും; ഹിമാചല്‍ ഗവര്‍ണര്‍
India
നടപടിയെടുത്തില്ലെങ്കില്‍ ഹിമാചല്‍ അടുത്ത 'ഉഡ്താ പഞ്ചാബ്' ആയിമാറും; ഹിമാചല്‍ ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th July 2025, 9:31 pm

ഷിംല: മയക്കുമരുന്നിന്റെ ഉപയോഗം ഇല്ലാതാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹിമാചല്‍ പ്രദേശ് ‘ഉഡ്താ പഞ്ചാബ്’ ആയി മാറുമെന്ന് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ല. സംസ്ഥാനത്തെ ഡി- അഡിക്ഷന്‍ സെന്ററുകളുടെ അഭാവത്തില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.ഡി.പി.എസിന്റെ (NARCOTIC DRUGS AND PSYCHOTROPIC SUBSTANCES) കണക്കനുസരിച്ച് 2021ല്‍ 500 കേസുകള്‍ ഉണ്ടായിരുന്നയിടത്തുനിന്ന് 2023 ആയപ്പോള്‍ 2200 കേസുകളായി വര്‍ധിച്ചെന്നും സംസ്ഥാനത്ത് കൂടിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തില്‍ താന്‍ ആശങ്കയിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഉടനടി ഒരു അത്യാധുനിക ഡി- അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കണമെന്നും ശിവ് പ്രതാപ് ശുക്ല ആവശ്യപ്പെട്ടു.

കുളുവില്‍ റെഡ് ക്രോസ് നടത്തുന്ന ഒരു ഡി-അഡിക്ഷന്‍ സെന്റര്‍ മാത്രമേയുള്ളു. സിര്‍മൗര്‍ ജില്ലയില്‍ ഒരു ഡി- അഡിക്ഷന്‍ സെന്ററിന് വേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും കാര്യമായ പുരോഗമനം ഒന്നുംതന്നെ അവിടെ നടക്കുന്നില്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

മയക്കുമരുന്നിനെതിരെയുള്ള തന്റെ പ്രചാരണം ഫലം കണ്ടു തുടങ്ങിയിട്ടുണ്ടെന്നും ആളുകളില്‍ അവബോധം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ മയക്കുമരുന്നിന്റെ ഉപയോഗം ആദ്യം മാതാപിതാക്കള്‍ മറച്ച് വെക്കുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ മാതാപിതാക്കള്‍ തന്നെ അതിനെതിരെ മുന്നോട്ട് വരുന്നുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

പതിനഞ്ചിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരിലാണ് മയക്കുമരുന്ന് ഉപയോഗം ഏറ്റവും കൂടുതലെന്ന് ഡി-അഡിക്ഷന്‍ സെന്ററിലെ 1,150 പേരില്‍ നടത്തിയ ഒരു സര്‍വേയെ ഉദ്ധരിച്ച് ശുക്ല പറഞ്ഞു.

പഞ്ചാബിലെ വ്യാപകമായ മയക്കുമരുന്ന് ഉപയോഗത്തെയും അവിടുത്തെ യുവാക്കൾ എങ്ങനെ കൂട്ടത്തോടെ അതിന് അടിമപ്പെടുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കി അഭിഷേക് ചൗബെയ് സംവിധാനം ചെയ്ത് ചിത്രമാണ് ഉഡ്താ പഞ്ചാബ്. മയക്കുമരുന്നിന്റെ ഉപയോഗം എങ്ങനെ സാമൂഹിക-സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുന്നുവെന്നും സിനിമ കാണിച്ചുതരുന്നു.

Content Highlight: Governor Says Himachal will become ‘Udta Punjab’ in 5 years if no action is taken against drug menace