ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാര്‍ നാളെ രാജിവെക്കണം; അത്യപൂര്‍വ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Kerala News
ഒമ്പത് സര്‍വകലാശാലകളിലെ വി.സിമാര്‍ നാളെ രാജിവെക്കണം; അത്യപൂര്‍വ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd October 2022, 6:21 pm

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ ആക്രമണം രൂക്ഷമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11.30നകം രാജിവയ്ക്കണമെന്നാണ് നിര്‍ദേശം.

യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടന്ന വി.സി നിയമനങ്ങള്‍ക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ അസാധാരാണമായ നടപടി എടുത്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഇത്രയും അധികം വി.സിമാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം പ്രഖ്യാപിച്ചതിന് തൊടുപിന്നാലെയാണു ഗവര്‍ണര്‍ തന്റെ നിലപാട് കടുപ്പിച്ചത്.

കേരള, എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്‌കൃതം, മലയാളം എന്നീ സര്‍വകലാശാലകളിലെ വി.സിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ (കെ.ടി.യു) വൈസ് ചാന്‍സലര്‍ ഡോ. എം.എസ്.രാജശ്രീയുടെ നിയമനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി.

2015ലെ സര്‍വകലാശാലാ നിയമം അനുസരിച്ചും യു.ജി.സി ചട്ടമനുസരിച്ചും വി.സി നിയമനത്തിനായി മൂന്നില്‍ കുറയാതെ പേരുകളുള്ള പാനലാണ് സേര്‍ച് കമ്മിറ്റി ചാന്‍സലര്‍ക്കു നല്‍കേണ്ടത്. ഇവിടെ ഒരു പേര് മാത്രമാണു നല്‍കിയതെന്ന് കോടതി കണ്ടെത്തി.

സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ കേന്ദ്ര നിയമമാകും ബാധകമെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യു.ജി.സി ചട്ടമാണു ബാധകമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

സാങ്കേതിക സര്‍വകലാശാലയ്ക്ക് പുറമേ സംസ്ഥാനത്തെ മറ്റ് അഞ്ച് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതും പാനല്‍ ഇല്ലാതെയാണ്. കണ്ണൂര്‍, സംസ്‌കൃതം, ഫിഷറീസ്, എം.ജി, കേരള സര്‍വകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു വ്യക്തിയുടെ പേര് മാത്രമാണ് സേര്‍ച് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നത്. ഇവരില്‍ സംസ്‌കൃതം, ഫിഷറീസ് ഒഴികെയുള്ള വി.സിമാരെ നിയമിച്ചത് മുന്‍ ഗവര്‍ണര്‍ പി. സദാശിവം ആയിരുന്നു.

Content Highlight: Governor asks Nine Vice Chancellors to resign