ആത്മാഭിമാനം ഇല്ലാത്ത മലയാളി മീഡിയയോട് സംസാരിക്കാനില്ല, വേണേല്‍ ഹിന്ദി മാധ്യമങ്ങളോട് സംസാരിക്കാം; ബഹിഷ്‌കരിച്ച് ആരിഫ് മുഹമ്മദ് ഖാന്‍
Kerala News
ആത്മാഭിമാനം ഇല്ലാത്ത മലയാളി മീഡിയയോട് സംസാരിക്കാനില്ല, വേണേല്‍ ഹിന്ദി മാധ്യമങ്ങളോട് സംസാരിക്കാം; ബഹിഷ്‌കരിച്ച് ആരിഫ് മുഹമ്മദ് ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd September 2022, 3:28 pm

ന്യൂദല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നാണ് മലയാളി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗവര്‍ണര്‍ മറുപടി നല്‍കിയത്.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാത്ത മലയാളി മാധ്യമങ്ങളോട് ഇനി സംസാരിക്കില്ലെന്നും ഗവര്‍ണര്‍ നിലപാടെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ മൗനം പാലിച്ചെന്നും മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.

മലയാളി മീഡിയയോട് സംസാരിക്കാനില്ലെന്നും ഹിന്ദി മാധ്യമങ്ങളോട് സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ദല്‍ഹി കേരള ഹൗസില്‍ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് ഗവര്‍ണര്‍ പ്രത്യേകം സമയം നല്‍കുകയും ചെയ്തു.

‘ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് പങ്കില്ലെന്നാണ് കരുതുന്നതെങ്കില്‍, എനിക്ക് നിങ്ങളോട് പ്രതികരിക്കാനില്ല. മാധ്യമങ്ങള്‍ കാത്തുനില്‍ക്കുമ്പോള്‍ അവരെ കാണുന്നതും പ്രതികരിക്കുന്നതും സാമാന്യ മര്യാദയാണ്. അതാണ് ഇപ്പോള്‍ ഞാന്‍ ചെയ്തത്,’ ഗവര്‍ണര്‍ പറഞ്ഞു

രാജ്ഭവനിലെ അസാധാരണ വാര്‍ത്താ സമ്മേളനത്തല്‍ കാര്യമായി ഒന്നും ഗവര്‍ണര്‍ക്ക് ഉന്നയിക്കാനായിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹം മലയാളി മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ പഴയ ആരോപണങ്ങള്‍ തന്നെ ആവര്‍ത്തിച്ചായിരുന്നു ഗവര്‍ണറുടെ അസാധാരണ വാര്‍ത്താസമ്മേളനം.