മക്കയും മദീനയും സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഒരുഭാഗം; ശബരിമലയുടെ സ്വാധീനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്ന് ഇ.പി ജയരാജന്‍
Sabarimala
മക്കയും മദീനയും സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഒരുഭാഗം; ശബരിമലയുടെ സ്വാധീനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുമെന്ന് ഇ.പി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2025, 11:29 am

കണ്ണൂര്‍: ആഗോള അയ്യപ്പസംഗമം അനിവാര്യമായിരുന്നെന്ന് സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്‍. കേരളത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്ന് ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വളര്‍ച്ച നാടിന് ഐശ്വര്യമാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

മക്കയും മദീനയുമെല്ലാം വളര്‍ന്നത് വിശ്വാസത്തിന്റെ പേരിലാണ്. സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ഒരു കാരണമിതാണെന്നും ഇ.പി പറഞ്ഞു. അതേസമയം, വിശ്വാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കി നല്‍കേണ്ടതുണ്ടെന്നും, ശബരിമലയുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇ.പി ജയരാജന്‍ വിശദീകരിച്ചു.

ഈ കേരളം വളരും, വികസിക്കും, സാമ്പത്തിക രംഗത്ത് കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഒരുപാട് വിശ്വാസികള്‍ എത്തുന്നതിലൂടെ വലിയ സാമ്പത്തിക പ്രവാഹവും ഉണ്ടാകും. ഇത് നാടിന് ഉണര്‍വ് നല്‍കുന്നതാണ്. ഇസ്‌ലാം മതവിശ്വാസികളുടെ പുണ്യകേന്ദ്രമായ മക്കയും മദീനയും കാരണം സൗദി അറേബ്യക്ക് വന്‍സാമ്പത്തിക നേട്ടമുണ്ടായി.

നാട് വളരാന്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ സന്ദര്‍ശനം വഴിവെക്കും. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ശബരിമലയിലേക്ക് വിശ്വാസികളെത്തുന്നുണ്ട്. അവര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കി നല്‍കണം.  ക്ഷേത്രത്തിനും വിശ്വാസികള്‍ക്കും അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയുമെന്നും ഇ.പി പറഞ്ഞു.

അയ്യപ്പസംഗമത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സമ്മേളനമെന്നാണ് ഇ.പി വിശേഷിപ്പിച്ചത്. ശബരിമല പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വളര്‍ന്നു വരുന്നത് നാടിന്റെ ഐശ്വര്യമാണ്. ശബരിമല, ഗുരുവായൂര്‍, തിരുപ്പതി, പഴനി, ഇവിടെയല്ലാം ലക്ഷക്കണക്കിന് ആളുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഇതൊരു വരുമാന ശ്രോതസാണെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പ സംഗമത്തെ വിമര്‍ശിച്ച ആര്‍.എസ്.എസിനെതിരെയും ഇ.പി പ്രതികരിച്ചു. രാജ്യത്ത് വിദ്വേഷത്തിന്റെയും മതസ്പര്‍ധയുടെയും സംഘര്‍ഷത്തിന്റെയും വിത്ത് വിതച്ചുകൊണ്ട് കലാപത്തിലേക്ക് നയിക്കുകയും രാജ്യത്തിന്റെ സമാധാനപൂര്‍ണമായ അന്തരീക്ഷത്തെ തകര്‍ക്കുകയുമാണ് ആര്‍.എസ്.എസുകാര്‍ ചെയ്യുന്നത്.

തിരുപ്പതി ക്ഷേത്രത്തിലെ ലഡുവില്‍ മൃഗത്തിന്റെ കൊഴുപ്പ് ചേര്‍ത്തെന്ന് പറഞ്ഞ് വര്‍ഗീയ സംഘര്‍ഷം നടത്തിയവരാണ് ആര്‍.എസ്.എസുകാരെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Content Highlight: Government will use Sabarimala’s influence: E.P. Jayarajan