സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല, ആരും വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല; ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നതില്‍ സര്‍ക്കാരിന്റെ വിശദീകരണം
Kerala News
സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല, ആരും വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല; ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നതില്‍ സര്‍ക്കാരിന്റെ വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2025, 6:51 am

തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ പുതഞ്ഞുപോയ സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന വിശദീകരണവുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്.

ഹെലികോപ്റ്റര്‍ യാത്രയുടെ പൂര്‍ണമായ മേല്‍നോട്ടം വ്യോമസേനക്കായിരുന്നുവെന്നും ലാന്‍ഡിങ് ഉള്‍പ്പെടെ മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്ദരുടെ നേതൃത്വത്തിലാണെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.

ഈ സംഭവം ഒരു സുരക്ഷാ വീഴ്ചയായി രാഷ്ട്രപതി ഭവനോ കേന്ദ്ര സര്‍ക്കാരോ വിലയിരുത്തിയിട്ടില്ലെന്നും വിഷയത്തില്‍ ഇതുവരെ വിശദീകരണം ഒന്നും തന്നെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡി.ജി.പിയും പൊതുഭരണവകുപ്പും വ്യക്തമാക്കി.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഹെലികോപ്റ്റര്‍ ലാന്‍ഡിങ്ങില്‍ ചെറിയ തോതിലുള്ള അപാകതകള്‍ ഉണ്ടായെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. പുതിയ കോണ്‍ക്രീറ്റ് ആയതിനാലാണ് ഹെലികോപ്റ്റര്‍ താഴ്ന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘എച്ച്’ മാര്‍ക്കിനേക്കാള്‍ പിന്നിലാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. പുതിയ കോണ്‍ക്രീറ്റ് ആയതിനാല്‍ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്‌നമുണ്ടായിരുന്നുവെങ്കില്‍ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നു,’ കളക്ടര്‍ പറഞ്ഞു.

വിഷയത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് കോന്നി എം.എല്‍.എ കെ.യു. ജനീഷ് കുമാറും അറിയിച്ചത്. കോണ്‍ക്രീറ്റില്‍ ടയര്‍ താഴ്ന്ന് പോയാല്‍ കുഴപ്പമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ദൂരെ നിന്ന് നോക്കിയപ്പോള്‍ തോന്നിയതാകാം. ഞാന്‍ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നല്ലോ. തെറ്റിദ്ധാരണയുടെ പുറത്താണ് അത്തരമൊരു വാര്‍ത്ത വന്നത്. വല്ലാത്ത അപമാനമായിപ്പോയി. ഹെലിപാഡില്‍ എച്ച് മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.

ലാന്‍ഡ് ചെയ്തപ്പോള്‍ അല്‍പ്പം പുറകിലേക്ക് ആയിപ്പോയി. ഉയര്‍ത്തുന്ന ഘട്ടത്തില്‍ ഫാന്‍ കറങ്ങി പിറകുവശത്തെ ചളിയും പൊടിയും ഉയരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പൈലറ്റ് തന്നെയാണ് സുരക്ഷാ ജീവനക്കാരോട് ഹെലികോപ്റ്റര്‍ സെന്‍ട്രലിലേക്ക് നീക്കി നിര്‍ത്തണമെന്ന് പറഞ്ഞത്. ഹെലിപ്പാഡില്‍ ഒരു കേടുപാടും ഉണ്ടായിട്ടില്ല’, എന്നാണ് എം.എല്‍.എ പറഞ്ഞത്.

പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ലാന്‍ഡ് ചെയ്ത ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കി.

നിലയ്ക്കലില്‍ സര്‍വസജ്ജമായ ഹെലിപാഡ് ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇവിടെ ആദ്യം നിശ്ചയിച്ചിരുന്നതും. എന്നാല്‍ മഴയടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അവസാന നിമിഷം ലാന്‍ഡിങ് പ്രമാടത്തേക്ക് മാറ്റിയത്.

ഇതോടെ വളരെ പെട്ടന്നാണ് ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത് പുതിയ ഹെലിപാഡ് ഉണ്ടാക്കിയത്. കോണ്‍ക്രീറ്റ് ഉറയ്ക്കും മുമ്പ് ഹെലികോപ്റ്റര്‍ ഇറക്കിയതാണ് ടയറുകള്‍ താഴ്ന്ന് പോകാന്‍ കാരണമായത്.

 

Content Highlight: Government says no safety lapse in President’s helicopter landing