ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; മംഗളൂരു കോണ്‍ഗ്രസില്‍ കൂട്ടരാജിയുമായി മുസ്‌ലിം നേതാക്കള്‍
national news
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; മംഗളൂരു കോണ്‍ഗ്രസില്‍ കൂട്ടരാജിയുമായി മുസ്‌ലിം നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th May 2025, 8:46 am

മംഗളൂരു: വര്‍ഗീയ കൊലപാതകങ്ങള്‍ തടയുന്നതിലും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് മംഗളുരുവില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. ദക്ഷിണ കന്നഡയിലെ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള കോണ്‍ഗ്രസ് മുസ്‌ലിം നേതാക്കളാണ് രാജിവെച്ചത്.

സമുദായ നേതാക്കളെ മാറ്റിനിര്‍ത്തുന്നതായും നേതാക്കള്‍ ആരോപിച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ബൊളാരയിലെ ഷാദി മഹലില്‍ വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് രാജി പ്രഖ്യാപനം.

അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചിരുന്നുവെന്നും അടിയന്തരമായ തീരുമാനമെടുക്കരുതെന്ന് തങ്ങളോട് ആവശ്യപ്പെട്ടതായും കോണ്‍ഗ്രസ് ജില്ലാ ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് ഷാഹുല്‍ ഹമീദ് പറഞ്ഞു. കുറച്ച് കൂടി കാത്തിരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും ഷാഹുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രസിച്ചില്ലെന്നും ഉസുഹൈല്‍ കണ്ടക്, അബ്ദുള്‍ റൗഫ്, മുഹമ്മദ്, ഹമീദ് എന്നിവരുള്‍പ്പെടെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഉടന്‍ രാജി പ്രഖ്യാപിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയതോടെ യോഗത്തില്‍ സംഘര്‍ഷം രൂക്ഷമായതായും ബഹളമുണ്ടായതായുമാണ് വിവരം. പിന്നാലെയായിരുന്നു കൂട്ടരാജി.

ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ ന്യൂനപക്ഷ സെല്‍ നേതാക്കള്‍ ശ്രമിച്ചിട്ടും, പ്രകോപിതരായ സദസില്‍ ഉണ്ടായിരുന്നവര്‍ രാജിയില്‍ ഉറച്ചുനിന്നുവെന്നും കൂട്ട രാജി വേണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജില്ലയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടുവെന്നും മുസ്‌ലിം സമുദായങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ അവഗണനയില്‍ കടുത്ത അതൃപ്തിയുണ്ടെന്നും നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.

ബണ്ട്വാള്‍ താലൂക്കില്‍ 32 വയുള്ള അബ്ദുള്‍ റഹ്‌മാന്‍ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ഈ മേഖലയില്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിച്ചിരുന്നു.

Content Highlight: Government’s failure to protect minorities; Muslim leaders resign en masse from Mangaluru Congress